തൊട്ടതിനും പിടിച്ചതിനും മറ്റുള്ളവരില്‍ കുറ്റം കണ്ടെത്താന്‍ അധികവാ സന പലര്‍ക്കുമുണ്ട്. നമുക്ക് തെറ്റ് എന്ന് തോന്നുന്നവ മറ്റൊരുവന് തെറ്റ് എന്ന് തോന്നണം എന്നില്ല. അതിനാല്‍ തെറ്റ് എന്താണെന്ന് ബോധ്യപ്പെടുത്താനുള്ള കടമ നമുക്കുണ്ട്. എന്നാല്‍ അതിനൊന്നും മുതിരാതെ നടത്തുന്ന ആരോപണങ്ങള്‍ തികച്ചും അന്യായമാണ്. ആരോപണം ഉന്നയിക്കുന്നവര്‍ ഒരു ഫോണ്‍ പോലെയാണ്. ഇയര്‍ പീസിലൂടെ കേട്ട് മൗത്ത് പീസിലൂടെ പറഞ്ഞ് സന്ദേശവാഹികളിലൂടെ (വേവ്‌സ്) പരത്തുന്നു. ആരോപണങ്ങള്‍ വസ്തു നിഷ്ഠമാണോ എന്ന് പരിശോധിച്ചിരിക്കണം.
ഒരുവനെക്കുറിച്ച് നാം കേട്ടതായ അപകീര്‍ത്തി നമ്മുടെ മനസ്സില്‍ ഒരു വഷളായ ചിത്രം വരയ്ക്കുന്നു. ആരോപണങ്ങള്‍ക്ക് വിധേയനായവനെ നാം നേരില്‍ കാണുമ്പോള്‍ നാം കാണുന്നത് മനസ്സില്‍ പതിഞ്ഞ വഷളായ ചിത്രമായിരിക്കും. അത് മൂലം നമുക്ക് അദ്ദേഹത്തിന്റെ പ്രവൃത്തികളും മനസിലുള്ള കേട്ട് കേഴ്‌വിയുടെ ചിത്രത്തോട് സാമ്യമായി അനുഭവപ്പെടുകയും ചെയ്യും.
തെറ്റ് കണ്ടുപിടിക്കുന്നത് സത്യം കണ്ടുപിടിക്കുന്നതിനേക്കാള്‍ എളുപ്പമാണ്. തെറ്റ് പൊങ്ങികിടക്കും. സത്യം അന്വേഷിച്ച് ഇറങ്ങി ചെന്നാല്‍ മാത്രം കാണത്തക്കവിധം അടിയിലായിരിക്കും. എന്നാണ് ഒരു ചിന്തകന്‍ പറഞ്ഞിരിക്കുന്നത്. വചനം പറയുന്നത് നാവ് ഒരു തീയാണ് ചെറിയ തീ വലിയ കാട് കത്തിക്കുന്നു. നാവ് കാരണത്താല്‍ ഇന്ന് പല വീടുകളും കത്തി തീരുകയാണ്. ആരോപണങ്ങള്‍ പറഞ്ഞ് പരത്തുന്നവരില്‍ സിംഹഭാഗവും ദൃക്‌സാക്ഷികളോ വേണ്ട തെളിവുള്ളവരോ അല്ല. വെറും കേട്ട് കേഴ്‌വി പറഞ്ഞു പരത്തുന്നവരാണ്. ജിറാഫിന്റെ നാവിന് പതിനെട്ട് ഇഞ്ച് നീളം ഉണ്ടെങ്കിലും അത് അപശബ്ദം പുറപ്പെടുവിക്കുന്നില്ല. എന്നാല്‍ മനുഷ്യ ശരീരത്തിലെ ചെറിയ അവയവമായ നാവിന് ഒരു സ്വരപേടകത്തിന്റെ പിന്‍തുണയുണ്ട്.
കുറ്റബോധത്തിന്റെ മറശീലയാണ് ആരോപണം
ആരോപണക്കാരില്‍ ചിലര്‍ മനസ്സിലെ കുറ്റബോധത്തില്‍ നിന്ന് രക്ഷപെടുവാന്‍ മറ്റുള്ളവരില്‍ കുറ്റം ആരോപിച്ച് തന്നില്‍ തന്നെ കപടമായ ഒരു ആശ്വാസം കണ്ടെത്തുന്നവരാണ്. ദൈവിക അഭിഷേകത്തിന്റെ പവിത്രത തന്നില്‍ നിന്ന് നഷ്ടപ്പെടുത്തിയ ശൌല്‍ അഭിഷിക്തനായ ദാവീദിനെ ഇല്ലാതാക്കുന്നവാനാണ് ശ്രമിച്ചത്. ഇത്തരക്കാരെ സൂക്ഷിക്കുക. മറ്റുള്ളവരില്‍ കുറ്റമാരോപിച്ച് രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നതിനെ സ്വയം ന്യായീകരിക്കല്‍ എന്ന് പറയാം.
സത്യം വളച്ചൊടിച്ച് നുണയുടെ രസം നുകരുന്നവന്‍ ഒരിക്കലും സ്വന്തകുറ്റങ്ങള്‍ക്ക് പരിഹാരം കാണുകയില്ല.
കുറ്റക്കാരന്‍ കാണുന്നതെല്ലാം കുറ്റം
പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥി തോറ്റ വിദ്യാര്‍ത്ഥികളെ കുറിച്ച് പറയുവാന്‍ ഇഷ്ടപ്പെടുന്നതും മറ്റൊരുവന്‍ തോറ്റോ എന്നറിയാന്‍ ഇഷ്ടപ്പെടുന്നതും പരീക്ഷയില്‍ കോപ്പിയടിക്കുവാന്‍ തീരുമാനിച്ചവന്‍ മിക്കവരും കോപ്പിടയടിച്ചാണ് ജയിച്ചത് എന്ന് പറയാനും സ്വയം വിശ്വസിക്കാനും ശ്രമിക്കുന്നതും ഇതെല്ലാം തെറ്റു തുടരുവാന്‍ കണ്ടെത്തുന്ന ഉപാദികളാണ്. മഞ്ഞപ്പിത്തം ബാധിച്ചവന് കാഴ്ചയില്‍ മുഴുവനും മഞ്ഞയായി തോന്നും എന്നൊരു ചെല്ലും ഉണ്ട്.
ഒരാളുടെ വ്യക്തിത്വത്തെ വ്രണപ്പെടുത്തുന്ന നിലയില്‍ ഒരിക്കലും ആരോപണങ്ങള്‍ അഴിച്ച് വിടരുത് അത് മൂലം നശിച്ച് പോകുന്നത് കുടുംബമായിരിക്കും. ശുശ്രൂഷയാകാം, ഭാവിയാകാം, മാന്യതയാകാം അയാളുടെ ആത്മാഭിമാനം കണക്കിലെടുക്കുക. കണ്ടെത്തിയ തെറ്റുകള്‍ പരോക്ഷമായി ചൂണ്ടികാണിക്കു. എന്നാല്‍ ചെളി ചൂണ്ടിക്കാട്ടും മുമ്പേ നിങ്ങളുടെ വിരല്‍ വൃത്തിയാക്കുക എന്ന ഫ്രാങ്കളിന്റെ വാചകം മറക്കാതിരിക്കട്ടെ.
പാസ്റ്റർ ബോബന്‍ ക്ലീറ്റസ്

Comments
Post a Comment