Skip to main content

(eUK) eUKhost Ltd

(eUK) eUKhost Ltd

ശിംശോൻ: ദൈവകൃപ അനാവൃതമാക്കിയ ന്യായാധിപൻ Part 1

 

 ഇന്ന് മുതൽ ഒരു പുതിയ പഠന പരമ്പര ആരംഭിക്കുകയാണ്.

 ആത്മീക ജീവിതത്തിൽ ഓരോ വിശ്വാസിയും അവശ്യമായി അറിഞ്ഞിരിക്കേണ്ട ആത്മീക സത്യങ്ങളാണ് ഈ പഠന പരമ്പരയുടെ തുടക്കം മുതൽ ഒടുക്കം വരെ നല്കുവാൻ ദൈവമുമ്പാകെ ആഗ്രഹിക്കുന്നത്. എന്റെ എല്ലാ ബഹുമാന്യ അനുവാചകരും തികഞ്ഞ പ്രാർത്ഥനയോടെ ഈ പഠന പരമ്പര വായിക്കുവാൻ കർത്താവിൽ ഞാൻ അഭ്യർത്ഥിക്കുന്നു.

                     ആമുഖം

 

     മനുഷ്യചരിത്രത്തിൽ ജീവിച്ചിട്ടുള്ളവരിൽ ആരോഗ്യം സംബന്ധിച്ച് അതികായനായ ഒരു വ്യക്തിയായിരുന്നു ശിംശോൻ. അപ്പോൾ തന്നെ അത്യന്തം ബലഹീനനായ മനുഷ്യനായിരുന്നു അദ്ദേഹം. പലപ്പോഴും അവന്റെ ബലഹീനത അവൻ്റെ ശക്തിയെ അതിജീവിക്കുന്നതായി നാം വായിക്കുന്നു. ശലോമോനെ പോലെ ഇന്ദ്രിയജയം ഇല്ലാത്ത ഒരു വ്യക്തി ആയിട്ടാണ് ശിംശോനെയും നാം കാണുന്നത്, പ്രത്യേകിച്ച് സ്ത്രീ സംബന്ധമായ വിഷയത്തിൽ. എല്ലാ വിശ്വാസികളും തങ്ങളുടെ ആത്മീക ജീവിതത്തിൽ ഇന്ദ്രിയജയം ഉള്ളവർ ആയിരിക്കണമെന്ന് വിശുദ്ധ വേദപുസ്തകം നമ്മെ പ്രബോധിപ്പിക്കുന്നു.

 സ്ത്രീകളെ ലൈംഗിക താല്പര്യത്തോടെ പിൻപറ്റുന്ന കാര്യത്തിൽ പരാജയപ്പെട്ടുപോയ ഒരു മനുഷ്യനായിരുന്നു ശിംശോൻ. ആ പിന്തുടർച്ച ഒരു വിധത്തിൽ പറഞ്ഞാൽ അവൻ ദൈവത്താൽ കൈവിടപ്പെടുന്നതുവരെയും തുടരുന്നതായി അവന്റെ  ചരിത്രത്തിൽ നിന്ന് നാം വായിക്കുന്നു.

 ജീവിതത്തിൽ അശുദ്ധിയെ പിന്തുടരുന്ന ഏതൊരു വ്യക്തിയുടെയും ജീവിതാന്ത്യം ദൈവത്താൽ കൈവിടപ്പെട്ടുപോകുന്ന അനുഭവമായിരിക്കുമെന്ന് ഇദ്ദേഹത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. യിസ്രായേൽ ജനത്തെ ഫെലിസ്ത്യരുടെ അടിമത്വത്തിൽ നിന്ന് വിടുവിക്കുവാൻ ആവശ്യമായ ദൈവശക്തി ആയിരുന്നു ദൈവം അദ്ദേഹത്തിന് നല്കിയത്. എങ്കിലും തന്റെ ധാർമികമായ പരാജയം നിമിത്തം അവനിൽ ഉണ്ടായിരുന്ന ശക്തിയുടെ ഒരു ചെറിയ അംശം പോലും തിരിച്ചറിയുവാൻ അവനു സാധിച്ചില്ല എന്നുള്ളത് ഏറ്റവും ദയനീയമായ ഒരു കാര്യമാണ്.

 ന്യായാധിപന്മാരുടെ പുസ്തകത്തിൽ ഏറ്റവുമൊടുവിലായി പറയപ്പെടുന്ന ന്യായാധിപനായിരുന്നു ശിംശോൻ. മറ്റേതൊരു ന്യായാധിപനെക്കാളും അധികം വസ്തുകൾ ശിംശോന്റെ ജീവിതത്തെ സംബന്ധിച്ച് തിരുവെഴുത്തിൽ പ്രസ്താവിച്ചിട്ടുണ്ട്.

എന്നാൽ, അതിൽ അധികപങ്കും അവന്റെ പരാജയ ജീവിതത്തിന്റെ വിവരണങ്ങളാണ്. അവന് മുമ്പുണ്ടായിരുന്ന പല ന്യായാധിപന്മാരുടെയും ജീവിതത്തിൽ അവർ നേടിയ വൻ വിജയങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ശിംശോൻ ഒരു പരാജയമായിരുന്നു എന്ന് പറയുന്നതിൽ യാതൊരു സന്ദേഹത്തിനും വകയില്ല.

ശിംശോന്റെ ജീവിതം   പഠനവിഷയം ആക്കുമ്പോൾ എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു വിഷയം എബ്രായ ലേഖനം പതിനൊന്നാം അദ്ധ്യായത്തിൽ വിശ്വാസ വീരന്മാരുടെ പട്ടികയിൽ ശിംശോൻ ഉൾപ്പെടുന്നതും, പത്രോസിൻ്റെ ലേഖനത്തിൽ ലോത്ത് നീതിമാനായി രേഖപ്പെടുത്തപ്പെട്ട ചരിത്രവും ആകുന്നു !

 എന്നാൽ ശിംശോന്റെ ജീവിതത്തെക്കുറിച്ച് നാം പഠിക്കുമ്പോൾ ഒരുപാട് ആത്മീയ കാര്യങ്ങൾ നമുക്ക് ആഴമായി പഠിക്കുവാൻ സാധിക്കും.

അവൻ്റെ ജീവിതം തികച്ചും വഴിവിട്ട നിലയിൽ ആയിരുന്നെങ്കിലും, ദൈവം അവനെക്കൊണ്ട് ചെയ്യുവാൻ ഉദ്ദേശിച്ച കാര്യങ്ങളൊക്കെ അതുപോലെതന്നെ നിവർത്തിച്ച ചരിത്രമാണ്  നമുക്ക് കാണുവാൻ സാധിക്കുന്നത്.

 അദ്ദേഹം ജീവിച്ച കാലഘട്ടം എന്ന് പറയുന്നത്; യിസ്രായേൽ ജനം വിശ്വാസ ത്യാഗത്തിലേക്കും പിന്മാറ്റത്തിലേക്കും ഇറങ്ങിപ്പോയ ഒരു കാലഘട്ടമാണ്. ആ കാലഘട്ടത്തിലും ദൈവത്തിൽ ശിംശോന്  അതിയായ വിശ്വാസവും ആശ്രയവും ഉണ്ടായിരുന്നു. എന്നിരുന്നാലും സ്ഥിരതയുള്ള ഒരു വിശ്വാസ ജീവിതം ആയിരുന്നില്ല അദ്ദേഹത്തിൻ്റേത്.

ചില പ്രത്യേക സാഹചര്യങ്ങളിൽ അതിതീവ്രമായ വിശ്വാസത്തിന്റെ പ്രദർശനങ്ങൾ അദ്ദേഹത്തിൽ നാം കാണുന്നുണ്ട് താനും.

 ന്യായാധിപന്മാരുടെ ചരിത്രത്തിലെ ഏറ്റവും വലിയ ന്യായാധിപനായി, ദൈവത്തിനുവേണ്ടി വൻ കാര്യങ്ങൾ ചെയ്ത ഒരു

മഹാനായി ശിംശോന് വെളിപ്പെടാമായിരുന്നു. എന്നാൽ, ആ സ്ഥാനം അലങ്കരിക്കുവാൻ അവന്റെ സദാചാര ജീവിതത്തിന്റെ പോരായ്മകൾ മൂലം സാധിച്ചില്ല.

നമ്മേക്കുറിച്ച് പറയുമ്പോൾ നാം ചിന്തിക്കേണ്ട ഒരു ആത്മീയ പാഠം ഇവിടെയുണ്ട്. അതായത്, ദൈവം നമ്മേക്കുറിച്ച് ഉദ്ദേശിച്ച നിശ്ചയപ്രകാരം നാം ജീവിച്ചാൽ  ഈ ഒരു ജീവിതം കൊണ്ട് വൻ കാര്യങ്ങൾ ദൈവത്തിനായി ചെയ്യുവാൻ എനിക്കും നിങ്ങൾക്കും സാധിക്കും. അതിനു വേണ്ട ഏറ്റവും വലിയ ഊർജ്ജം ജീവിതവിശുദ്ധി എന്നുള്ളതാണ്.

 ജീവിതവിശുദ്ധി തകിടംമറിച്ച ഒരു ന്യായാധിപനെയാണ് ശിംശോന്റെ ജീവിതത്തിൽ നാം കാണുന്നത്. നാം ജീവിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ശിംശോന്റെ ജീവിതത്തിലെ പാഠങ്ങൾ വളരെ അന്വർത്ഥം ആയ ഒരു സംഗതിയാണ്. അതുകൊണ്ടു തന്നെ ആദിയോടന്തം

ഇവിടെ ഞാൻ കുറിക്കുന്ന അദ്ദേഹത്തെക്കുറിച്ചുള്ള പാഠങ്ങൾ ഓരോ ക്രിസ്തീയ വിശ്വാസിയും ഹൃദയങ്ങളിൽ സൂക്ഷിക്കുകയും ജീവിതത്തിൽ ശ്രദ്ധിക്കുകയും

ചെയ്യേണ്ടതായിരിക്കുന്നു.

   ശിംശോന്റെ ജീവിത പരാജയങ്ങൾ തത്വത്തിൽ ഈ കാലത്ത് വിശ്വാസ സമൂഹത്തിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന പരാജയങ്ങളാണ്. അത് നിമിത്തം ക്രിസ്തീയ സാക്ഷ്യം പാടെ അധഃപതിക്കുകയും, ജീവിത മൂല്യങ്ങൾക്ക് വിലയില്ലാതായി തീരുകയും ആണ് ചെയ്യുന്നത്.

അതുകൊണ്ട് അതിശക്തൻ ആയിരുന്നെങ്കിലും അത്യന്തം ബലഹീനനായ ശിംശോന്റെ ജീവിതത്തിലെ ജയാപജയങ്ങൾ നാം പഠന വിഷയം ആക്കേണ്ടത് തന്നെയാണ്.

 പാഠാരംഭം...

 

ഇസ്രായേലിന്റെ വിശ്വാസത്യാഗം

 ന്യായാധിപന്മാർ 13: 1

 ശിംശോന്റെ ജീവിതത്തെക്കുറിച്ച്  ന്യായാധിപന്മാരുടെ പുസ്തകത്തിൽ സംഗ്രഹിച്ചിട്ടുണ്ട്, അതിപ്രകാരമാകുന്നു.

" യിസ്രായേൽമക്കൾ പിന്നെയും യഹോവെയ്ക്കു അനിഷ്ടമായുള്ളതു ചെയ്തു; യഹോവ അവരെ 40 സംവത്സരത്തോളം  ഫെലിസ്ത്യരുടെ കൈയിൽ ഏല്പിച്ചു "

  ശിംശോൻ ന്യായാധിപസ്ഥാനത്തേക്ക്  കൊണ്ടുവരപ്പെടുവാൻ ഉണ്ടായ കാരണവും, അവന്റെ പരാജയത്തിന്റെ കാരണവും മനസ്സിലാക്കുവാൻ നമ്മെ ഏറെ സഹായിക്കുന്ന ഒരു വാക്യം ആണ് മുകളിൽ കുറിച്ചത്.

യിസ്രായേൽ മക്കൾ പാപം ചെയ്ത് ദൈവത്തിൽ നിന്ന് പിന്മാറുകയും തത്ഫലമായി ദൈവത്തിന്റെ ന്യായവിധി അവരുടെ മേൽ വരികയും ചെയ്തു. ജോഷ്വായുടെ(യോശുവയുടെ) മരണത്തെ തുടർന്ന് 400 വർഷത്തെ  യിസ്രായേൽ ചരിത്രം പഠിച്ചാൽ, അവരുടെ ജീവിതത്തിൽ പാപത്തിലേക്ക് അവർ വീണു പോവുകയും ദൈവം അവരുടെ മേൽ ന്യായവിധി വരുത്തുകയും ജനം മടങ്ങിവരികയും, പിന്നെയും ഇതേ പ്രവർത്തി ആവർത്തിക്കുകയും ചെയ്യുന്ന ഒരു  ചരിത്രം നമുക്ക് കാണുവാൻ സാധിക്കും.

ഈ കാലഘട്ടത്തെ ന്യായാധിപന്മാരുടെ ഭരണകാല ചരിത്രം എന്നാണ് യിസ്രായേൽ ചരിത്രത്തിൽ വിശേഷിപ്പിച്ചിട്ടുള്ളത്.

 

    യിസ്രായേൽ പാപം ചെയ്യും ദൈവം അവരെ ശത്രുക്കളുടെ കൈയിൽ ഏല്പിക്കും ശത്രുവിന്റെ പീഢനത്തിൽ അവർ അത്യന്തം വേദനപെട്ട് നിലവിളിക്കും. അപ്പോൾ ദൈവം ഒരു ഉദ്ധാരകനെ അവരുടെ ഇടയിലേക്ക് അയക്കും. ഉദ്ധാരകൻ അവരെ വിടുവിക്കും. കുറേക്കാലം സ്വൈര്യമായി അവർ പാർക്കും, വീണ്ടും അതേ പാപം അവർ ചെയ്ത് അടിമത്വത്തിലേക്ക് പോകും. അവിടെ അവർ പീഢിപ്പിക്കപ്പെടും ജനം നിലവിളിക്കും ദൈവം അവരെ വിടുവിക്കും, ഇതാണ് ഈ ചരിത്ര കാലത്ത് ആവർത്തിച്ചാവർത്തിച്ച് നമുക്ക് കാണുവാൻ സാധിക്കുന്നത്.

 

  ഇങ്ങനെയുള്ള പിന്മാറ്റത്തിന്റെയും  അരാജകത്വത്തിന്റെയും കാലഘട്ടത്തിലാണ് ശിംശോൻ ന്യായാധിപനായി രംഗപ്രവേശനം ചെയ്യുന്നത്. ഇതാണ് നമ്മുടെ പഠനത്തിന്റെ പ്രധാനപ്പെട്ട വിഷയം.  ഈ പ്രഥമ അദ്ധ്യായത്തിൽ ശിംശോൻ രംഗപ്രവേശനം ചെയ്യുന്ന സാഹചര്യത്തിൽ യിസ്രായേലിൽ ഉണ്ടായിരുന്ന പിന്മാറ്റത്തിൻ്റെയും തന്മൂലം നേരിടുന്ന അനന്തരഫലങ്ങളെയും കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുവാൻ പോകുന്നത്. മൂന്ന് കാര്യങ്ങൾ ഇവിടെ നാം പഠനവിധേയമാക്കുന്നു.

 

1.വിശ്വാസത്യാഗത്തിന്റെ സ്വഭാവം. 🤔

 

"യിസ്രായേൽമക്കൾ പിന്നെയും യഹോവെയ്ക്കു അനിഷ്ടമായുള്ളതു ചെയ്തു".

അകൃത്യം, വിഗ്രഹാരാധന, ന്യായവിധിയുടെ അനിവാര്യത ഇവ മൂന്നും ആയിരുന്നു വിശ്വാസ ത്യാഗത്തിന്റെ പ്രത്യക്ഷമായ അടയാളങ്ങൾ.

അകൃത്യം

ഇസ്രായേലിന്റെ പിന്മാറ്റം പാപ പൂരിതം ആയിരുന്നു. മുകളിൽ കുറിച്ച വേദഭാഗം ആ കാര്യം വ്യക്തമാക്കുന്നു. അവരുടെ പാപത്തെ ദൈവം തന്നെ ഇവിടെ വ്യക്തമായി പ്രസ്താവിക്കുന്നു.

"യഹോവയുടെ മുമ്പാകെ"

" യഹോവയോട് "എന്നീ പ്രയോഗങ്ങളിൽ അവരുടെ പാപത്തിന്റെ ഗൗരവം നമുക്ക് മനസ്സിലാക്കുവാൻ കഴിയും.

ഈ പ്രയോഗത്തിന് ഇരുവിധമായ   അർത്ഥമുണ്ട്. ദൈവം അവരുടെ പ്രവർത്തികൾ കണ്ടു എന്നതും,  ആ പ്രവർത്തികൾ ദോഷം

ഉള്ളതായിരുന്നു എന്നുമാണ് ആ പ്രയോഗത്തിൽ ഉള്ളത്. ജനത്തിന്റെ പ്രവർത്തികൾ ദൈവമുമ്പാകെ തിന്മ എന്ന് ദൈവം കാണുന്നു. എത്രയോ സങ്കടകരമായ ഒരു അവസ്ഥയാണത് ? ദൈവത്തെ വിശുദ്ധിയിൽ സേവിപ്പാൻ ദൈവം വിശുദ്ധീകരിച്ച് വേർതിരിച്ച ദൈവജനം ദൈവമുമ്പാകെ തിന്മയായത് പ്രവർത്തിച്ചു അടിമത്വത്തിലേക്ക് പോവുക എന്നത് വളരെ സങ്കടകരമായ ഒരു വിഷയമാണ്. ഏതുകാലത്തും ദൈവമക്കൾ ഈ അപകടം മനസ്സിലാക്കേണ്ടതുണ്ട്.

ജനത്തിന്റെ വഴിവിട്ട രീതികളെ ദൈവം നോക്കിക്കണ്ടു എന്നുള്ളത് പഠനവിധേയമാക്കേണ്ട വിഷയം തന്നെയാണ്. അത് പിന്നാലെ ഞാൻ വ്യക്തമാക്കുന്നതാണ്.

"അവരുടെ പ്രവർത്തികൾ തിന്മയുള്ളത് എന്ന് ദൈവം കണ്ടു". ഇത് വളരെ സുപ്രധാനമായ ചിന്തിക്കേണ്ട വിഷയം ആകുന്നു. അത് നിമിത്തം അവരുടെ സ്വഭാവത്തെ

നീതിയുള്ളതായി കാണുവാൻ ദൈവത്തിന് കഴിഞ്ഞില്ല. ദൈവത്തെ വിശുദ്ധിയിൽ സേവിക്കേണ്ട ദൈവജനം ദൈവസ്വഭാവത്തിന് വിരോധമായി പാപം ചെയ്ത് വിശ്വാസത്യാഗത്തിലേക്ക് വഴുതി പോയാൽ, അവർ എത്രമാത്രം തങ്ങളെ നീതീകരിച്ചാലും അവരുടെ സ്വഭാവത്തെ വിശുദ്ധമായി കാണുവാൻ ദൈവത്തിനു സാധിക്കുകയില്ല. അതിനു ദൈവത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യവുമില്ല.

 

   ദൈവം തന്റെ മാനദണ്ഡപ്രകാരം ആണ് അവരുടെ പ്രവർത്തികളെ വിലയിരുത്തിയത്. ദൈവം ഇന്നും നമ്മുടെ സ്വഭാവത്തേയും പ്രവർത്തിയേയും തന്റെ മാനദണ്ഡം വെച്ചാണ് അളക്കുന്നത്. നാം  നീതിമാന്മാരെന്ന് പലപ്പോഴും നമുക്കു തോന്നാം. അതുകൊണ്ട് ദൈവമുമ്പാകെ നാം നീതിമാന്മാർ എന്ന് വരികയില്ല. അവിടുന്ന് എപ്പോഴും തന്റെ അഗ്നിജ്വാലക്കൊത്ത

കണ്ണുകൾ കൊണ്ട് നമ്മുടെ ജീവിതത്തേയും പ്രവർത്തികളേയും കൃത്യമായി പരിശോധിക്കുന്നു. ഈ അവബോധം ഓരോ ക്രിസ്തീയ വിശ്വാസികളും തങ്ങളുടെ ഹൃദയങ്ങളിൽ സംഗ്രഹിക്കേണ്ടത് അത്യാവശ്യമാണ്.

 

   യിസ്രായേൽ ജനമാകട്ടെ തങ്ങളുടെ സ്വഭാവ നടപടികളെ ദോഷമുള്ളതായി കാണാതെ, അവർ അതിനെ താലോലിക്കയും, പ്രോത്സാഹിപ്പിക്കുകയും, അതിൽ വ്യാപൃതരാവുകയും അതിനെ ബഹുമാനിക്കയും അത്രേ ചെയ്തുപോന്നത് ! മാത്രമല്ല തങ്ങളുടെ ദോഷ പ്രവർത്തികൾക്ക് വേണ്ടുവോളം ജനപ്രീതിയും അവർ സമ്പാദിച്ചു പോന്നു. നന്മയും തിന്മയും തമ്മിൽ തിരിച്ച് മനസ്സിലാക്കേണ്ട സമയം വരുമ്പോൾ മനുഷ്യർ എത്രമാത്രം സ്വീകരിച്ചാലും പ്രോത്സാഹിപ്പിച്ചാലും, ജനപ്രീതിനേടിയാലും സ്വയം നീതീകരിച്ചാലും പാപം എപ്പോഴും പാപം തന്നെ. പാപത്തെ ഒരിക്കലും വെള്ളപൂശി ശുദ്ധമാക്കുവാൻ എനിക്കും നിങ്ങൾക്കും സാധിക്കുകയില്ല. അഥവാ ചില നല്ല പ്രവർത്തികൾ ചെയ്താൽ പോലും തക്കസമയത്ത് പാപം അതിന്റെ പുറംതോട് പൊട്ടിച്ചു പുറത്തു വരിക തന്നെ ചെയ്യും. ആയതിന് വിശുദ്ധ വേദപുസ്തകത്തിൽ ധാരാളം തെളിവുകളുണ്ട്.

 

   നമ്മുടെ ജീവിതം ശരിയോ തെറ്റോ എന്ന് തീരുമാനിക്കുന്നത് നാം അല്ല, അതിനെ ഉള്ളതുപോലെ കാണുന്ന  ദൈവമാണ്. നമ്മുടെ പ്രവർത്തികൾ നോക്കി അത് തന്റെ ഇഷ്ടപ്രകാരം ഉള്ളതാണ് എന്ന് സർട്ടിഫൈ ചെയ്യേണ്ടത് ദൈവമാണ്. പലപ്പോഴും നാം കാണുന്നത് മനുഷ്യർ തന്നെ അവരുടെ ജീവിതത്തെ സർട്ടിഫൈ ചെയ്യുന്ന പ്രവണതയാണ്. യഥാർത്ഥ മാനദണ്ഡം ദൈവത്തിന്റെ മാനദണ്ഡമാണ്, അല്ലാതെ മനുഷ്യന്റെ അളവുകോൽ അല്ല. ഈ സത്യം ഞാനും നിങ്ങളും മനസ്സിലാക്കേണ്ടതാണ്.

 

   എന്റെയും നിങ്ങളുടെയും ജീവിത മാനദണ്ഡങ്ങളെ ദൈവത്തിന്റെ മാനദണ്ഡങ്ങളിലേക്ക് നാം മടക്കിക്കൊണ്ടുവരാനുള്ള കാലം അതിക്രമിച്ചിരിക്കുന്നു. ഒട്ടും താമസിച്ചുകൂട. ദൈവം തിന്മ എന്ന് വിളിക്കുന്ന ഒട്ടനവധി കാര്യങ്ങളെ നന്മയുടെ ഗണത്തിൽ

ഞാനും നിങ്ങളും ഉൾപ്പെടുത്തിയിരിക്കുകയാണ്. മനുഷ്യർ കപടമായ മാനദണ്ഡങ്ങളും നിയമങ്ങളും ഉണ്ടാക്കുകയും അവ അനുസരിച്ച്  ജീവിതത്തിൽ മുന്നേറുകയും ആണ് ചെയ്യുന്നത്. ആരാണ് ജയിക്കുന്നത്? ആരാണ് തോല്ക്കുന്നത്? എന്ന് അളക്കുവാനാണ് അവരുടെ അളവുകോൽ ഉപയോഗിക്കുന്നത്.

തത്വത്തിൽ ജീവിതത്തിന്റെ യഥാർത്ഥമായ പ്രതിഭാസങ്ങളെ മനുഷ്യരുടെ അളവുകൾ കൊണ്ടല്ല ദൈവത്തിന്റെ അളവുകൾ കൊണ്ടാണ് അളന്ന് തിട്ടപ്പെടുത്തേണ്ടത്. ഇത് പലപ്പോഴും മനുഷ്യർ മറന്നുപോകുന്നു. ദൈവ പ്രമാണങ്ങൾ ആയിരിക്കണം നമ്മുടെ പ്രമാണങ്ങൾ.  ദൈവത്തിന്റെ ഇഷ്ടങ്ങൾ ആയിരിക്കണം നമ്മുടെ ഇഷ്ടങ്ങൾ. ദൈവത്തിന്റെ വഴിയായിരിക്കണം

നമ്മുടെ വഴികൾ.

ശരിയും തെറ്റും തീരുമാനിക്കുന്നത് നാമല്ല ദൈവമത്രേ…

 

    യിസ്രായേലിന്റെ പൂർവ്വകാല ചരിത്രത്തിൽ ഒരുപാട് പാപങ്ങളെ അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും കരുതുകയും ചെയ്തതുപോലെ,  അതിനേക്കാൾ കഠിനമായ നിരവധി പാപങ്ങളെ നാം അറിഞ്ഞുകൊണ്ടോ അറിയാതെയോ അനുവദിക്കുകയോ, പ്രോത്സാഹിപ്പിക്കുകയോ, ജനസമ്മതി ആർജ്ജിക്കുകയോ ചെയ്തുപോരുന്നു. എന്നാൽ അന്തിമമായ വിധി ഈ ബന്ധത്തിൽ ദൈവത്തിൽ നിന്നാണ് വരേണ്ടത്.

സ്വവർഗാനുരാഗം, ഗർഭചിദ്രം, മദ്യപാനം, പാപത്തിൽ രസിക്കുക, വിവാഹമോചനം, ലൈംഗിക ചിത്രാസ്വാദനം, ഇവയെല്ലാം മനുഷ്യന്റെ തിന്മ പ്രവർത്തികൾ ആണ്. മനുഷ്യനെ ആന്തരികമായി കാർന്ന് തിന്നുന്ന ക്യാൻസർ സമാനമായ പാപരോഗമാണ് ഇവയെല്ലാം. ഇതിനെയൊക്കെ ആധുനികസമൂഹം വളരെ വിലമതിക്കുകയും

പാപമല്ലാതായി പരിഗണിക്കുകയും ചെയ്തു പോരുന്നു. എന്നാൽ ഇതെല്ലാം കഠിനമായ പാപങ്ങളാണ്. മനുഷ്യന്റെ  ലാഘവത്തോടു കൂടിയ ഈ പാപ പ്രവർത്തികളെ നമ്മുടെ ഭരണസംവിധാനങ്ങൾ ഒരുപക്ഷേ നീതീകരിച്ചു എന്ന് വരാം! വർത്തമാനപത്രങ്ങൾ ഇത്തരം കാര്യങ്ങൾക്ക് കുട പിടിച്ചു എന്നും വരാം! ഒരുപക്ഷേ ആധുനിക തലമുറ അവയ്ക്ക് ജനപ്രീതിയും സമ്മാനിക്കും! അതിന് യാതൊരു സംശയവും വേണ്ട! എന്നാൽ ഇത്തരം സംഗതികൾക്ക് ദൈവമുമ്പാകെ യാതൊരുവിധമായ അംഗീകാരവും ഇല്ല എന്നാണ് ദൈവവചനം ശക്തമായി പറയുന്നത്.

 

   വിദൂരഭാവിയിൽ മനുഷ്യന്റെ മനോഭാവവും പ്രവർത്തിയും മനുഷ്യ നിയമങ്ങൾ പ്രകാരം അല്ല ദൈവത്തിന്റെ മാറ്റമില്ലാത്ത സ്വർഗ്ഗീയ നിയമങ്ങൾ പ്രകാരം  ദൈവം പരിശോധിക്കുകയും, നന്മതിന്മകളെ അവിടുന്ന് തിരിച്ചറിഞ്ഞ് വേർതിരിക്കുകയും അതിനനുസൃതമായി ദൈവം ന്യായവിധി നടത്തുകയും ചെയ്യും.

 

     (തുടരും)

 

      ക്രിസ്തുവിൽ നിങ്ങളുടെ

           E. S. Thomas

 


Comments

nterserver Webhosting and VPS

(eUK) eUKhost Ltd

Popular posts from this blog

റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി..

പാശ്ചാത്യ ധനസഹായത്തിൽ നിന്ന് റഷ്യയെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു, റഷ്യ ഉക്രെയ്നിലെ "അധിനിവേശം" തുടരുകയാണെങ്കിൽ നടപടികളുമായി "കൂടുതൽ മുന്നോട്ട് പോകും" എന്ന് വാഗ്ദാനം ചെയ്തു. കിഴക്കൻ ഉക്രെയ്നിൽ സ്ഥിതി ചെയ്യുന്ന രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ സ്വാതന്ത്ര്യം താൻ അംഗീകരിച്ചതായി ഈ ആഴ്ച ആദ്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു, ഇത് പാശ്ചാത്യ ശക്തികളുടെ രോഷത്തിന് കാരണമായി. രണ്ട് വേർപിരിഞ്ഞ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പുടിൻ റഷ്യൻ സൈനികരോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പുടിനോടുള്ള പ്രതികരണമായി നടത്തിയ പ്രസംഗത്തിൽ, റഷ്യൻ പ്രസിഡന്റ് ഉക്രെയ്നിൽ അധിക പ്രദേശം അവകാശവാദമുന്നയിച്ചതായി ചൂണ്ടിക്കാട്ടി, "കൂടുതൽ പ്രദേശം" ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെ ന്യായീകരിക്കാനുള്ള പുടിന്റെ വാക്കുകൾ ഒരു "യുക്തി"യാണെന്ന് ബിഡൻ മാധ്യമങ്ങളോട് പറഞ്ഞു. “ഇത് ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ തുടക്കമാണ്,” ബൈഡൻ പറഞ്ഞു. "ഞങ്ങളും ഞങ്ങ...

അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്..

  അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്  യുഎസ് സമയം ബുധനാഴ്ച രാത്രി റഷ്യൻ ആക്രമണം ആരംഭിച്ചപ്പോൾ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിൽ എയർവേവുകളിൽ എത്തി, തന്റെ ഭരണകാലത്ത് ഇത് നടക്കില്ലായിരുന്നുവെന്ന് വാദിച്ചു.  പുടിൻ “ആദ്യം ഇത് ചെയ്യാൻ ആഗ്രഹിച്ചു” എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് ഫോണിൽ പറഞ്ഞു.  "അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനും ചർച്ച നടത്താനും ആഗ്രഹമുണ്ടായിരുന്നു, അത് കൂടുതൽ വഷളായി, തുടർന്ന് അദ്ദേഹം ബലഹീനത കണ്ടു," ട്രംപ് പറഞ്ഞു.  കൂടാതെ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിന്റെ ബലഹീനതയാണ് റഷ്യൻ അധിനിവേശത്തിന് ഭാഗികമായി പ്രേരിപ്പിച്ചതെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു.

നമ്മുടെ ദൈവം...

തോമസ് അക്വിനാസ് ഒരു ദൈവശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ രചനകളിൽ പത്ത് ദശലക്ഷത്തിലധികം വാക്കുകൾ ഉൾപ്പെടുന്നു, അത് ഒരു മേശപ്പുറത്ത് നിന്ന് പനിപിടിച്ച വേഗതയിൽ അദ്ദേഹം എഴുതി. ഉപദേശത്തെക്കുറിച്ചുള്ള ക്രിസ്തീയ പഠിപ്പിക്കലുകൾ മാത്രമല്ല, ക്രിസ്ത്യാനികൾ ദൈവത്തെക്കുറിച്ച് എങ്ങനെ ചിന്തിക്കണം എന്നതിനെക്കുറിച്ചുള്ള വിശാലമായ ചോദ്യങ്ങളും അദ്ദേഹം സമന്വയിപ്പിച്ചു. എന്റെ വിശ്വാസം എന്റെ ലോകത്തിലെ ഫർണിച്ചറുകളുടെ ഭാഗമായിരുന്നു. അത് പരിചിതവും അൽപ്പം സാധാരണവും ആയിരുന്നു, ഞാൻ അതിൽ എന്റെ ഭാരം വയ്ക്കുമ്പോൾ എന്നെ പിടിച്ചുനിർത്താനുള്ള അതിന്റെ കഴിവ് വലിയതോതിൽ ചോദ്യം ചെയ്യപ്പെടാത്തതായിരുന്നു. ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ ഭയപ്പെട്ടിരുന്നില്ല. എന്റെ ആശങ്കകൾ, ഏകാന്തത, അസ്തിത്വപരമായ ആവശ്യങ്ങൾ എന്നിവയുമായി ഞാൻ ദൈവത്തെ കുറിച്ച് അറിയുവാൻ വേണ്ടി ആയിരുന്നു. ഇത്തരത്തിലുള്ള ഭക്തിയിൽ നിന്ന് തികച്ചും വേറിട്ട് ദൈവത്തെ പഠന ലക്ഷ്യമായി കണക്കാക്കുക എന്നത് എനിക്ക് സ്വാഭാവികമായി വന്നതല്ല. അതിനാൽ ഞാൻ ഔപചാരികമായി ദൈവശാസ്ത്രം പഠിച്ചുകഴിഞ്ഞാൽ അത് പഠിക്കാൻ ഞാൻ തയ്യാറല്ലെന്ന് കണ്ടെത്തി. സത്യം പറഞ്ഞാൽ, സിസ്റ്റമാറ്റിക് തിയോളജി ...