മെയ് 10-ലോക മാതൃ ദിനം. അമ്മയെന്ന നന്മയെ ഓർക്കുവാനും, സ്നേഹം പുതുക്കുവാനും ഉള്ള ദിനം. സമൂഹമാധ്യമങ്ങളിലെല്ലാം അമ്മയുമൊത്തുള്ള ചിത്രം പങ്കുവയ്ക്കുവാൻ മക്കൾ മത്സരിക്കുന്ന ദിവസം. സ്വന്തം അമ്മയുടെ ജന്മദിനം പോലും ഓർക്കാത്ത മക്കളും, ഓർത്താൽ തന്നെ അമ്മയെ ഒന്ന് ചേർത്ത് പിടിച്ച് ആ കവിളിൽ ഒരു മുത്തം നല്കി ആ
പുണ്യജന്മത്തിന് നന്ദി പറയാത്ത മക്കളും, മാതൃദിനത്തിൽ അമ്മയുടെ നന്മകൾ സമൂഹമാധ്യമങ്ങളിലൂടെ വാഴ്ത്തിപാടുന്നത് കേൾക്കുമ്പോൾ ഞാൻ പലപ്പോഴും ആശ്ചര്യപ്പെട്ടിട്ടുണ്ട്.
ഇപ്പോൾ മനസ്സിലേയ്ക്ക് ഓടിയെത്തുന്നത്, മാതൃസ്നേഹത്തെക്കുറിച്ച് കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്ന ഒരു കഥയാണ്. 'അരുണിന്റെ കഥ'. അരുൺ ജനിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു വാഹനാപകടത്തിൽ അവന്റെ അച്ഛൻ ഈ ലോകത്തോട് വിട പറഞ്ഞു. അയൽ വീടുകളിൽ വേലയെടുത്തു ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് അരുണിന്റെ അമ്മ യാതൊരു അല്ലലും കൂടാതെ അവനെ വളർത്തി. ചോര നീരാക്കി തനിക്ക് വേണ്ടി കഷ്ടപ്പെടുന്ന ആ സാധുസ്ത്രീയോട് അവന് മനസ്സ് നിറയെ സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളു. കഷ്ടപ്പാടുകൾക്കിടയിലും മകന് മാന്യമായ വിദ്യാഭ്യാസം നല്കുവാൻ അമ്മ മറന്നില്ല. ഇന്ന് അരുൺ ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ്. ചെറ്റക്കുടിലിന്റെ സ്ഥാനത്ത് മാന്യമായ ഒരു വീടുണ്ട്. നഗരത്തിലെ സമ്പന്ന കുടുംബത്തിലെ പെൺകുട്ടി ഇന്ന് അവന്റെ ജീവിത സഖിയാണ്.
പരിഷ്കാരിയായ അവൾക്ക് അരുണിന്റെ അമ്മയെക്കുറിച്ച് പരാതികൾ മാത്രമേ ഉള്ളു. വർഷങ്ങൾ അടുക്കള വേല ചെയ്ത് ചുക്കിച്ചുളിഞ്ഞ ആ "വൃത്തിഹീനമായ കൈകൾ" അവൾക്ക് വെറുപ്പാണ്. വെയിലിന്റെ കാഠിന്യമേറ്റ് ശോഭയറ്റ ആ മുഖം കണ്ടുണരുന്നത് തന്നെ അവൾക്ക് അരോചകമാണ്. നിറഗർഭിണിയായ ആ പെൺകുട്ടിക്ക് ഇപ്പോൾ ഒരാഗ്രഹം മാത്രമേയുള്ളു; വിദ്യാസമ്പന്നമായ സമൂഹത്തിൽ നല്ല സ്റ്റാറ്റസോടെ ജീവിക്കുന്ന തങ്ങൾക്ക് ജനിക്കുവാൻ പോകുന്ന കുഞ്ഞ് ഒരിക്കലും ഈ 'എല്ലും, തോലുമായ വികൃതരൂപത്തെ' കാണുവാൻ ഇടവരരുത്. അത് കൊണ്ട് അവരെ വൃദ്ധസദനത്തിൽ കൊണ്ടാക്കണം. ഭാര്യയുടെ ആഗ്രഹം കേട്ട് അരുൺ സ്തംഭിച്ചു പോയി…! എങ്കിലും ദിവസങ്ങളോളം സ്വസ്ഥത തരാതെയുള്ള ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി അവൻ അമ്മയെ വൃദ്ധസദനത്തിൽ കൊണ്ട്ചെന്നാക്കി. തിരിച്ച് പോരാൻ തുടങ്ങുമ്പോൾ ആ അമ്മ മകനോട് പറഞ്ഞു: " മോനെ എന്നെ വൃദ്ധസദനത്തിൽ ആക്കുന്നതുകൊണ്ട് നിങ്ങളുടെ ജീവിതം സന്തോഷകരമാകും എങ്കിൽ ഈ അമ്മയ്ക്കും സന്തോഷം മാത്രമേയുള്ളു. നിങ്ങളുടെ സന്തോഷമാണ് ഈ അമ്മയുടെ സന്തോഷം. പിന്നെ നമ്മുടെ വീട്ടിലെഎന്റെ മുറിയിൽ മോളെ പ്രസവത്തിന് കൊണ്ടുപോകുമ്പോൾ ഉപയോഗിക്കുവാൻ വേണ്ട തുണികളും മറ്റും ഞാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്." പിന്നെ ഒരു പൊതി അരുണിന്റെ കൈകളിൽ വെച്ച് കൊടുത്തതിന് ശേഷം അവർ തുടർന്നു; "നിന്റെ കുഞ്ഞിന് തരാൻ ഈ അമ്മയുടെ കൈകളിൽ ഇതല്ലാതെ മറ്റൊന്നുമില്ല. ഇത് എന്റെ ആഭരണങ്ങളാണ്. ഞാൻ കുഞ്ഞിന് നല്കുന്ന ഒരു ചെറിയ സമ്മാനമായി നീ കരുതിയാൽമതി". ഇതും പറഞ്ഞ് മെല്ലെ നടന്ന് നീങ്ങിയ അമ്മയെ നിറകണ്ണുകളോടെ നോക്കിനില്ക്കാനേ അരുണിന് കഴിഞ്ഞുള്ളൂ.
മക്കളും, മരുമക്കളും കാൽക്കീഴെയിട്ട് ചവിട്ടിമെതിക്കുകയാണെന്നറിഞ്ഞിട്ടും, അവരോട് ക്ഷമിക്കുവാനും അടുത്ത തലമുറയ്ക്ക് വേണ്ടിയുള്ളത് കൂടെ കരുതി അവരുടെ കൈകളിൽ നല്കുവാനും മാത്രം കരുണാർദ്രമായ സ്നേഹം അമ്മയ്ക്കല്ലാതെ മറ്റാർക്കാണ് ഈ ലോകത്തിൽ ഉള്ളത്…? ദിവസവും മദ്യപിച്ച് ലക്കുകെട്ട് അമ്മയെ ക്രൂരമായി മർദ്ദിക്കുന്ന മകൻ ജയിലിലായപ്പോൾ, ജാമ്യത്തിൽ ഇറക്കാൻ പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയ അമ്മയെക്കുറിച്ച് വാർത്താ മാധ്യമങ്ങളിലൂടെനാം വായിച്ചറിഞ്ഞിട്ടുള്ളതാണ്. മകന്റെ മർദ്ദനമേറ്റ് മരണാസന്നയായി കിടക്കുമ്പോൾ പോലും ഒരമ്മയുടെ മനസ്സിൽ മകനോടുള്ള സ്നേഹമല്ലാതെ വെറുപ്പിൻ്റെ ഒരു കണിക പോലും ഉണ്ടായിരിക്കുകയില്ല എന്നതാണ് മാതൃസ്നേഹത്തിൻ്റെ മഹത്വം എന്നു പറയുന്നത്. സമുദ്രത്തിലെ മണൽതരികൾ പോലെ എണ്ണി തിട്ടപ്പെടുത്തുവാൻ കഴിയാത്തതും; ആകാശവും, ഭൂമിയും തമ്മിലുള്ള അന്തരം പോലെ അഗാധവുമാണ് ഒരമ്മയുടെ സ്നേഹം.
കുഞ്ഞിന്റെ ആരോഗ്യത്തെക്കരുതി ഇഷ്ടമുള്ള ആഹാരങ്ങളും,യാത്രകളും മറ്റെല്ലാ കാര്യങ്ങളും ഒഴിവാക്കി 9 മാസം ചുമന്ന്, ശരീരത്തിലെ 206 അസ്ഥികളും ഒരുപോലെ ഒടിയുന്ന പോലെയുള്ള തീവ്രമായ പ്രസവവേദന പോലും യാതൊരു പരിഭവങ്ങളോ, പരാതികളോ ഇല്ലാതെ പുഞ്ചിരിയോടെ സഹിച്ച അമ്മയുടെ ത്യാഗത്തിന് പകരം വയ്ക്കുവാൻ ഭൂമിയിൽ മറ്റെന്താണ് ഉള്ളത്…? യാത്രാ സൗകര്യങ്ങൾ അത്ര സുലഭമല്ലാതിരുന്ന കാലത്ത് നമ്മളെ ഓരോരുത്തരെയും തോളിലിട്ട് മൈലുകൾ താണ്ടി ആശുപത്രികൾ
കയറിയിറങ്ങി ചികിത്സയ്ക്കു കൊണ്ടു കൊണ്ടുപോയ അമ്മമാരെ നാം എപ്പോഴെങ്കിലും ഓർക്കാറുണ്ടോ? സ്വന്തം വയറും വിശപ്പും മറന്ന് ഭർത്താവിനും, മക്കൾക്കും ഉള്ള ആഹാരം വിളമ്പി ബാക്കിയെന്തെങ്കിലും ഉണ്ടെങ്കിൽ യാതൊരു പരിഭവങ്ങളും ഇല്ലാതെ സന്തോഷത്തോടെ അത് കഴിച്ച് തൃപ്തിയടയുന്ന നമ്മുടെ അമ്മമാരെ എപ്പോഴെങ്കിലും സ്മരിക്കാറുണ്ടോ…?
മക്കളുടെ സൽസ്വഭാവത്തിന്റെയും, നേട്ടങ്ങളുടേയും " ക്രെഡിറ്റ്" അച്ഛൻ സ്വന്തമാക്കുമ്പോൾ മക്കളുടെ സ്വഭാവ വൈകല്യങ്ങൾ "നീ വളർത്തിയതിന്റെ ഗുണമാണടി" എന്ന് പറഞ്ഞ് നാട്ടുകാരും, വീട്ടുകാരും കുറ്റപ്പെടുത്തുമ്പോഴും സംയമനത്തോടെ വേദനകൾ ഉള്ളിലൊതുക്കി പുഞ്ചിരിക്കുന്ന അമ്മയോളം നല്ലൊരു 'അഭിനയേത്രി', മക്കൾക്ക് വേണ്ടി അച്ഛനോട് മദ്ധ്യസ്ഥം വഹിക്കുന്ന നല്ലൊരു വക്കീൽ',ഒരു നേരം പോലും മുടക്കം വരാതെ ഭർത്താവിന്റെയും, മക്കളുടെയും ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞ് രുചികരമായ ഭക്ഷണം ഉണ്ടാക്കുന്ന നല്ലൊരു 'പാചകറാണി ', നൊന്തു പ്രസവിച്ച പെൺകുഞ്ഞുങ്ങളെ വിവാഹാനന്തരം ഭർത്തൃ ഭവനത്തിലേയ്ക്ക് യാത്രയാക്കുമ്പോൾ "മോളെ, നീ എന്നെ നോക്കിയില്ലെങ്കിലും ഭർത്താവിന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ കരുതി സ്നേഹിക്കണമെന്ന് " പറയുന്ന നല്ലൊരു ' ഉപദേശക' അങ്ങനെ എത്രയെത്ര റോളുകളാണ് ഒരമ്മ ഒരേ സമയം കൈകാര്യം ചെയ്യുന്നത്...!!
താങ്കൾ എപ്പോഴെങ്കിലും അമ്മയുടെ കൈവിരലുകൾ നോക്കിയിട്ടുണ്ടോ? പാത്രം കഴുകിയും, പണിയെടുത്തും അമ്മയുടെ കൈവിരലുകളിലെ രേഖകൾ മിക്കതും മാഞ്ഞുകഴിഞ്ഞിരിക്കും. സ്വന്തം ആരോഗ്യവും, ആഗ്രഹങ്ങളും കുടുംബത്തിനുവേണ്ടി ത്യജിച്ച അമ്മമാരെ തിരക്കുകളുടെ പേരിലും മറ്റും മക്കൾ മന: പൂർവ്വമായി മറക്കുകയാണ്. അല്ലെങ്കിലും ഭാര്യയെയും മക്കളെയും സന്തോഷിപ്പിക്കാനുള്ള വ്യഗ്രതയിൽ പലരും ജന്മം തന്നവരെ വിസ്മരിക്കുന്നു.
മാതൃദിനത്തിൽ മാത്രം സ്നേഹിക്കപ്പെടേണ്ടവരാണോ അമ്മമാർ..?? ജീവിതത്തിൽ എന്തെങ്കിലും നേടിയതിന് ശേഷം ജന്മം തന്ന അമ്മയെ മറക്കുന്ന മക്കൾ ഒന്നോർക്കുക' അമ്മ ഇല്ലായിരുന്നു എങ്കിൽ ഇന്ന് ഭൂമിയുടെ പരപ്പിൽ നാം കാണില്ലായിരുന്നു. ഇന്ന് നാം അനുഭവിക്കുന്ന നേട്ടങ്ങളുടെയെല്ലാം കാരണം, സാമർഥ്യമില്ല എന്ന് നാം കരുതുന്ന അമ്മയുടെ കണ്ണുനീരിന്റെ, പ്രാർത്ഥനയുടെ ഫലമാണ്. ഈ മാതൃദിനത്തിൽ അമ്മയെ ചേർത്തു പിടിച്ച് ആ മുഖത്തേക്ക് നോക്കി 'Amma, I love you'എന്നൊന്ന് പറഞ്ഞു നോക്കു. സന്തോഷം കൊണ്ട് ആ കണ്ണുകൾ ഈറനണിയുന്നത് നമുക്ക് കാണാം. മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലമാണ് ലോകത്തിലെ ഏറ്റവും മനോഹരമായ സമയം.കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് പറയുന്നത് പോലെ മാതാപിതാക്കളുടെ മരണശേഷം ആയിരിക്കും നാം പലപ്പോഴും അവരുടെ വില മനസ്സിലാക്കുക. കുറ്റബോധത്താൽ മനസ്സ് നീറി പിന്നീട് ജീവിക്കുന്നതിലും എത്രയോ നല്ലതാണ് മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ തന്നെ അവരെ സ്നേഹിക്കുക എന്നുള്ളത്.
അനു ഗ്രേസ്സ് ചാക്കോ
കോട്ടയം

Comments
Post a Comment