Skip to main content

(eUK) eUKhost Ltd

(eUK) eUKhost Ltd

കൊറോണ നൽകുന്ന യുഗാന്ത്യസന്ദേശം.



ചൈനയിലെ ഒരു മാംസ വില്പനശാലയിൽ നിന്നും കൊറോണ കുടുംബത്തിലെ നവാഗതനായ വൈറസ് സംഹാരകനായി മാറിരാജ്യങ്ങളിൽനിന്നു, രാജ്യങ്ങളിലേക്കുംഭൂഖണ്ഡങ്ങളിൽനിന്നു, ഭൂഖണ്ഡങ്ങളിലേക്കും സഞ്ചരിച്ചപ്പോൾ  ഇരുന്നൂറിലധികം രാജ്യങ്ങളിലായി രണ്ടു ലക്ഷത്തോളം ജീവനുകള്‍ മാറ്റപ്പെടുകയും, മുപ്പത് ലക്ഷത്തോളം ആളുകൾ മരണത്തിനുംജീവിതത്തിനും ഇടയിലുമായി. ലോകാരോഗ്യ സംഘടന (WHO) കോവിഡ് -19 എന്നു പേർ വിളിച്ച; നോവൽ കൊറോണ വൈറസിനോടുള്ള (SARS-CoV-2 ) പ്രതിഷേധം എന്ന നിലയിൽ ലോകമെങ്ങും നാടും,നഗരവും അടച്ചു. വികസിത രാജ്യമായ അമേരിക്കയിൽ പോലും മൃതദേഹങ്ങൾ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു കൂട്ടിയിട്ടിരിക്കുന്നു..! സംസ്കരിക്കുവാൻ ഇടമില്ലാതെ പട്ടാള ട്രക്കുകളിൽനിരത്തിവച്ച തക്കാളിപെട്ടികൾ കണക്കെ ശവപ്പെട്ടികൾ അടുക്കിവച്ചിരിക്കുന്നു..!! സെമിത്തേരികൾ രാപകൽ തുറന്നിരിക്കുന്നു. മരിച്ചവരെ ഒന്നു കാണുവാൻ കഴിയാതെയും, ഉചിതമായി സംസ്കരിക്കാൻ കഴിയാതെയും ഹൃദയം തകർന്നവർ അനേകരാണ്. തെരുവുകളും വീഥികളും വിജനമാണ്. വേഴാമ്പലും, മുള്ളനും രാപാർക്കുന്ന അവസ്ഥ... ഒന്നും കാണാൻ കഴിയാത്ത കുരുടന്മാരെ പോലെ മനുഷ്യർ ആയിരിക്കുന്നു. യെശയ്യാ. പ്രവചനത്തിൽ കാണുന്നതുപോലെ എങ്ങും ശുന്യത മാത്രം.

 

     പ്രവചനവിഷയങ്ങൾ എഴുതുന്നതുകൊണ്ട്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പല പ്രിയപ്പെട്ടവരും 'ഈ മഹാവ്യാധിയെ പറ്റി  പ്രവചന വെളിച്ചത്തിൽ വിശദമായി എഴുതണമെന്നു' എന്നോടു ആവശ്യപ്പെടുകയുണ്ടായി. ഞാനറിയുന്നവരുംഅല്ലാത്തവരുമായ ധാരാളമാളുകൾ പറഞ്ഞതിനെ മാനിച്ചുകൊണ്ടു, നാശകരമായ ഈ മഹാമാരി പ്രവചനവെളിച്ചത്തിൽ  വിലയിരുത്തുന്നതു നന്നായിരിക്കും എന്നു  കരുതുന്നു. കൊറോണയെ ഭയന്നിട്ടാണോ; അതോ ലോകത്തിന്റെ ഭാവിയെ പറ്റി അറിയുവാനുള്ള ആകാംക്ഷ കൊണ്ടാണോ, എന്തോ ആളുകൾ പതിവ് സംഭാഷണങ്ങളിൽ നിന്നും മാറി കർത്താവിന്റെ മടങ്ങിവരവിനേ കുറിച്ചും, യുഗാന്ത്യത്തെ പറ്റിയും ഒക്കെ സംസാരിക്കുവാൻ അതിയായ താല്പര്യം കാണിച്ചു തുടങ്ങി…! ഇതൊരു നല്ല ലക്ഷണമാണ്. തന്നെയുമല്ല; ഭക്തന്മാരുടെ കൂടാരങ്ങളിൽ പതിവുള്ളതിനേക്കാൾ സ്തുതിയുംസ്തോത്രവും ഉച്ചത്തിലാകുകയും വീടുകൾ ആരാധനാലയങ്ങളായി മാറുകയും ചെയ്തു.

 

      ദുരിതവുംപ്രയാസവും വർദ്ധിച്ചപ്പോൾ പലരും പ്രാർത്ഥിക്കുവാനും വചനം വായിക്കുവാനും തുടങ്ങി. ഒന്നിനും സമയം തികയുന്നില്ലെന്നും; ദിവസത്തിനു 24 മണിക്കൂർ പോരെന്നും പറഞ്ഞവർ വീടിനുള്ളിൽ ഒതുങ്ങികൂടുവാനും, ഉള്ളതുകൊണ്ടു കഴിഞ്ഞുകൂടുവാനും നിർബന്ധിതരായി. മഹാപീഡനം തുടങ്ങിയതുകൊണ്ടാണോ കൊറോണ സഞ്ചാരത്തിനിറങ്ങിയതെന്നു ചിലരൊക്കെ ചോദിച്ചിരുന്നു. ആദ്യമൊക്കെ ഇത്തരം ചോദ്യങ്ങൾ രസകരമായി തോന്നിയിരുന്നു. എന്നാൽ വിളിക്കുന്നവരുടെ എണ്ണം കൂടിയപ്പോൾ, പ്രവചന വിഷയങ്ങൾ സംബന്ധിച്ചു അറിയുവാൻ ആളുകൾക്ക് വളരെ താല്പര്യമുണ്ടെന്നുള്ള സത്യം ഒരിക്കൽകൂടി എനിക്കു ബോധ്യപ്പെട്ടു. അതുകൊണ്ടു, ആദ്യംതന്നെ വ്യക്തമാക്കട്ടെ"കെറോണ വൈറൽ പാൻഡമിക് " ന്യായവിധിയല്ല. ഇത് നമ്മുടെ പ്രിയപ്പെട്ട കർത്താവിന്റെ പ്രവചനത്തിന്റെ നിവൃത്തിയാണ്. കൊവിഡ്-19 നു ന്യായവിധിയുടെ സ്വഭാവമുണ്ടെങ്കിലും അത്  ന്യായവിധിയല്ല.എന്നാൽ യുഗാന്ത്യത്തിന്റെ ശക്തമായ ഒരു സന്ദേശം കൊറോണ നല്കുന്നുണ്ട്. അതാരും കേൾക്കാതെ പോകരുത്.

 

     ഏ.ഡി. 30 ഏപ്രിൽ നാലാംതീയതി ചൊവ്വാഴ്ച്ച വൈകുന്നേരം, യുഗാന്ത്യത്തെ കുറിച്ചുള്ള ശിഷ്യന്മാരുടെ ചോദ്യങ്ങൾക്ക് ഒലിവ്മലയിൽ വച്ചു കർത്താവ് പറഞ്ഞ മറുപടിയാണ്; ഒരു ഭിഷഗ്വരനും കൂടിയായ ലൂക്കൊസ്‌ മുപ്പത് വർഷങ്ങൾക്കു ശേഷം റോമിൽ വച്ച് സുവിശേഷത്തിൽ രേഖപ്പെടുത്തിയത്: "വലിയ ഭൂകമ്പവും ക്ഷാമവും മഹാവ്യാധികളും അവിടവിടെ ഉണ്ടാകും; ഭയങ്കരകാഴ്ചകളും ആകാശത്തിൽ മഹാലക്ഷ്യങ്ങളും ഉണ്ടാകും " (There will be great earthquakes, and in many places people will starve to death and suffer terrible diseases. All sorts of frightening things will be seen in the sky. LUKE: 21;11) മറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം അറിയുന്ന യഹോവയായ കർത്താവ് യുഗാന്ത്യത്തിന്റെ കൃത്യസമയം പറയാതെ, ആർക്കും ഉൾക്കിടിലവും നടുക്കവുമുണ്ടാകുന്ന പ്രവചനമാണ് നടത്തിയത്…!

 

  

    ലൂക്കൊസ് എഴുതിയതിനു ശേഷമുള്ള ലോകചരിത്രം നോക്കുകയാണെങ്കിൽ; രണ്ടാം നൂറ്റാണ്ടു മുതൽ ആറാം നൂറ്റാണ്ടുവരെവസൂരിയും (റോമൻ  പ്ലേഗ് ) പതിനാലാം നൂറ്റാണ്ടിൽ ബ്ലാക്ക് ഡെത്തും,പതിനാറാം നൂറ്റാണ്ടിൽ കൊക്കോലിസ്റ്റ്ലി പനിയും,അമേരിക്കൻ വ്യാധികളും, പതിനേഴാം നൂറ്റാണ്ടിൽ ലണ്ടൻ പ്ലേഗും,പതിനെട്ടാം നൂറ്റാണ്ടിൽ റഷ്യൻ പ്ലേഗും,പത്തൊൻപതാം നൂറ്റാണ്ടിൽ കോളറയും, ഇരുപതാം നൂറ്റാണ്ടിൽ സ്പാനിഷ് ഫ്ലൂവുംലോക സഞ്ചാരത്തിനിറങ്ങിയിട്ടുണ്ട്. കർത്താവ് പറഞ്ഞ അടയാളങ്ങൾ (Signals) പലപ്പോഴും ഉണ്ടായിട്ടുള്ളതുകൊണ്ടു മഹാമാരികൾ എങ്ങനെ യുഗാന്ത്യത്തിന്റെ അടയാളമാകും? മഹാവ്യാധികൾ സംഭവിച്ചപ്പോഴൊന്നും ലോകാവസാനം ഉണ്ടായിട്ടില്ല. കാലചക്രം മുൻപോട്ട് ഉരുണ്ടപ്പോൾമഹാമാരികൾ ഉണ്ടാകുകയും ലോകം അതിനെ അതിജീവിക്കുകയും ചെയ്തു. അതുകൊണ്ടു ഈ "കൊറോണ ബാധയെ " യുഗാന്ത്യത്തിന്റെ അടയാളമായി കാണേണ്ട കാര്യമില്ല എന്നു പറയുന്നുവർ കണ്ടേക്കാം. മഹാവ്യാധികളും, ഭൂകമ്പങ്ങളും, ക്ഷാമങ്ങളും, യുദ്ധങ്ങളും, യുദ്ധശ്രുതികളും മാത്രമാണ്  യുഗാന്ത്യത്തിനുള്ള ലക്ഷണങ്ങളായി ബൈബിളിലുള്ളത് എന്നുള്ള വികലമായ അറിവാണ് ഇതിനു കാരണം.

 

    എവിടെയെങ്കിലും അനർത്ഥങ്ങൾ ഉണ്ടായാൽ, അത് ന്യായവിധിയാണെന്നും ലോകാവസാനം വന്നുവെന്നും വിളിച്ചുകൂവുന്നവരുണ്ട്. ഇത്തരക്കാർക്ക് ബൈബിൾ പ്രവചനങ്ങളെ കുറിച്ച് യാതൊന്നും അറിയില്ല. അവർ നിമിത്തം ദൈവമക്കൾ കേട്ടിട്ടുള്ള പഴിക്കും, നിന്ദക്കും ഒരു കണക്കുമില്ല. പ്രവചനങ്ങൾ  സംഭവിക്കേണ്ടതാണെന്നു തിരിച്ചറിയാതെ കൊറോണയെ ശാസിച്ചും, ഭത്സിച്ചും  വായിലെ പല്ലുപോയ ചില കുരുടന്മാരുമുണ്ട് . യേശുവിന്റെ നാമത്തിൽ കൊറോണയെ ഓടിക്കാൻ ഇറങ്ങിയവരുംകത്തിച്ചു ചാമ്പലാക്കുവാൻ തീപ്പെട്ടിയെടുത്തവരും, ലജ്ജിക്കേണ്ടി വന്നതും  അതുകൊണ്ടാണ്. ഇങ്ങനെയുള്ളവർ വീട്ടിൽ പോയിരുന്നു പ്രാർത്ഥനയോടെ വേദപുസ്തകം പഠിക്കുകയാണ് വേണ്ടത്പരിശുദ്ധാത്മ സഹായത്തോടെ തിരുവെഴുത്തുകളെ തെളിയിക്കുവാനുള്ള പ്രാഗത്ഭ്യം നേടിയതിനു ശേഷം പ്രസംഗിക്കുകയും,പഠിപ്പിക്കുകയും ഫേസ്ബുക്കിൽ ലൈവ് വരുകയും ഒക്കെ ചെയ്തിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു…!

 

    ഇനിയും സംഭവിക്കുവാനുള്ള യുഗാവസാനവുംഅതിന്റെ മുന്നോടിയായിട്ടുള്ള അടയാളങ്ങളും, വ്യത്യസ്തങ്ങളാണ്. രണ്ടും രണ്ടാണ്. അടയാളങ്ങൾ (Signs) മുന്നറിയിപ്പിനു (warnnig) വേണ്ടിയാണ്. സൈക്ലോൺ ഉണ്ടാകുമെന്നു മുന്നറിയിപ്പ് ലഭിച്ചാലുംഅതു സംഭവിക്കണമെന്നില്ല. ചിലപ്പോൾ ആകാശം മേഘാവൃതമായെന്നും, ശക്തികുറഞ്ഞ കാറ്റ് വീശിയെന്നും വരാം. എന്നാൽ ശക്തമായ കാറ്റ് ആഞ്ഞുവീശുമ്പോഴാണ് സൈക്ലോൺ എന്ന പ്രതിഭാസം സംഭവിക്കുന്നത്. ഇതുപോലെയാണ് യുഗാന്ത്യവും. അടയാളങ്ങൾ അതിനുള്ള വെറും അറിയിപ്പുകൾ മാത്രം. അടയാളങ്ങൾ സംഭവിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യവുമാണ്. അടയാളങ്ങളുടേയും, അത്ഭുതങ്ങളുടേയും പിന്നാലെ പരക്കം പായുന്നവരാണ് ഇന്നത്തെ തലമുറ...!! അത്ഭുതപ്രവൃത്തികൾ നേരിട്ടുകണ്ടവർ പോലും കർത്താവിനെ തിരസ്കരിച്ചെങ്കിൽ, അവിശ്വാസവും കോട്ടവുമുള്ള തലമുറയുടെ കാര്യം പിന്നെ പറയേണ്ടതുണ്ടോ? 

 

    അടയാളങ്ങൾ സംഭവിക്കുന്നതിനു പല കാരണങ്ങളുണ്ട്. നമ്മുടെ കർത്താവ് ഭൂമിയിൽ ആയിരുന്നപ്പോൾ, മശിഹാ താനാണെന്നും, ദൈവരാജ്യം വരുന്നത് തന്നിൽ കൂടിയാണെന്നും അറിയിക്കുന്നതിനു ചില അടയാളങ്ങൾ ചെയ്തു. മനുഷ്യവർഗ്ഗത്തെ: യെഹൂദർ, ജാതികൾദൈവസഭ എന്നിങ്ങനെ മൂന്നായിട്ടാണ് ബൈബിൾ പരിഗണിക്കുന്നത്. (1കൊരി.10:32)മൂന്നുകൂട്ടർക്കും അടയാളങ്ങൾ ആവശ്യമാണ്. യെഹൂദനു വിശ്വസിക്കണമെങ്കിൽ കണ്ണിനു മുൻപിലുള്ള അടയാളം വേണം.(1കൊരി.1:22)  അത്ഭുതങ്ങളിലൂടെ ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കുന്ന മശിഹയെയാണ് അവർ കാത്തിരിക്കുന്നത്. ജാതികൾക്ക് അടയാളമൊന്നും വേണ്ട കാരണം,അവർ ദൈവത്തിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല. അവർക്ക് വേണ്ടത്  യുക്തിസഹമായ അറിവാണ്. (1കൊരി.1:22) താത്കാലികമായ ലോകജീവിതത്തിനു അറിവും, ജ്ഞാനവുമൊക്കെ ഉപകാരപ്പെടുമെങ്കിലും നിത്യമായ പ്രയോജനം ലഭിക്കുന്നില്ല. 

 

   ചുരുക്കി പറഞ്ഞാൽയഹൂദന്മാരുടെ അവിശ്വാസം മാറുവാനും, ജാതികളുടെ ജ്ഞാനതൃഷ്ണ ശമിക്കുവാനും, വിശ്വാസികളുടെ വിശ്വാസം വർദ്ധിക്കുവാനും അടയാളങ്ങൾ  ആവശ്യമാണ്. അടയാളങ്ങൾ സംഭവിക്കുന്നതിന്റെ മറ്റൊരു പ്രധാനപ്പെട്ട കാരണംമരണത്തെ തോല്പിച്ചു, ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു, ഇന്നും അതേ ആളത്വത്തോടും, ശക്തിയോടും, മഹത്വത്തോടും കൂടി വിശ്വാസികളോടു കൂടെ വസിക്കുന്നതിന്റെ പരസ്യമായ തെളിവാണ്. അതുകൊണ്ട് യുഗാന്ത്യം വരെ അടയാളങ്ങൾ സംഭവിക്കും. അടയാളങ്ങൾ  കാണപ്പെട്ടിരുന്നില്ലെങ്കിൽ പ്രവചനങ്ങളുടെ കൃത്യതയ്ക്കു മങ്ങൽ ഏല്ക്കുമായിരുന്നു.

 

    ദൈവവചനത്തിന്റെ മേച്ചിൽപുറങ്ങളിലേക്കും, ആത്മനദിയുടെ ഉറവുകളിലേക്കും ആളുകൾ വിശ്വാസപൂര്‍വ്വം വരുന്നതിനു അടയാളം സഹായകരമാണ്. എന്നാൽ കർത്താവിന്റെ മേഘപ്രത്യക്ഷത കാത്തിരിക്കുന്ന വിശുദ്ധന്മാർക്കു അടയാളങ്ങളുടെ യാതൊരു ആവശ്യവുമില്ല. എന്തെന്നാൽ, അവരെല്ലാം വിശ്വാസികളാണ്. അവരെ സംബന്ധിച്ചിടത്തോളം "ഞാൻ പോയിനിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും." (യോഹ.14:3) എന്നു പറഞ്ഞ കർത്താവിന്റെ വാഗ്ദത്വത്തിൽ അടിയുറച്ചു വിശ്വസിക്കുന്നവരാണ്. അടയാളവും,അത്ഭുതവുമൊന്നും അവർക്കു വേണ്ട. ലോജിക്കും, തത്വജ്ഞാനവും അവരുടെ വിശ്വാസത്തിനു കാരണമല്ല. ജീവനും, സമാധാനവും ഉണ്ടാകുവാനായി ചങ്കിലെ ചോര ചൊരിഞ്ഞ ദൈവപുത്രനിലുള്ള അചഞ്ചലമായ വിശ്വാസമാണ് അവർക്കുള്ളത്.

 

    മശിഹയുടെ ആഗമനവും; തുടർന്നു സംഭവിക്കേണ്ട രാജ്യസ്ഥാപനവുമാണ് മഹാവ്യാധിയെ കുറിച്ചുള്ള പ്രവചനത്തിന്റെ പശ്ചാത്തലം. ശിഷ്യന്മാർ ചോദിച്ചതുംഒലിവ്മലയിൽ വച്ച്  കർത്താവ് മറുപടി പറഞ്ഞതും യുഗാന്ത്യത്തെ കുറിച്ചും,ഇസ്രായേലിന്റെ സമ്പൂർണ്ണമായ യഥാസ്ഥാപനത്തെ കുറിച്ചുമാണ്. (മത്താ.24:3, മർ.13:3) അടയാളങ്ങൾ സംഭവിക്കുന്നത് യഹൂദർക്കു വേണ്ടിയാണ്. അവർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മശിഹ രാജാവായി ഉടൻ വരുന്നെന്നും, ദാവീദിന്റെ സിംഹാസനം സ്ഥിതി ചെയ്യുന്ന വിശുദ്ധനഗരമായ യെരുശലേം ഇനി ഒരിക്കലും ജാതികൾ അശുദ്ധമാക്കി കളയുകയില്ലെന്നുമുള്ള വിളംബരമാണ് അടയാളങ്ങൾ.

 

                           

      വിശ്വസിക്കുവാൻ അടയാളം ആവശ്യമുള്ള യെഹൂദന്മാർക്ക് അടയാളം കാണിച്ചുകൊണ്ടു സ്വർഗ്ഗം ഇടപെടുന്നു  എന്നു കരുതിയാൽ മതി. സഭയെ സംബന്ധിച്ചിടത്തോളം അവളുടെ വിശുദ്ധി ചോദ്യം ചെയ്യുവാൻ ഇടവരാതെ കറയും, ചുളുക്കവും കൂടാതെ മണവാളനെ പ്രേമപൂർവ്വം ചുംബിക്കുവാൻ, തയ്യാറാകുവാനുള്ള ബുദ്ധിയുപദേശവുമാണ്.

ജാതികൾക്ക്  അവരുടെ അറിവിനും യുക്തിക്കു അപ്പുറമുള്ള അത്ഭുതമാണെങ്കിലും പതിവ് പോലെ ഇതും

അവഗണിക്കപ്പെടും. അവർക്കു കർത്താവ് വന്നാൽ എന്ത്? വന്നില്ലെങ്കിൽ എന്ത്? രാജ്യം സ്ഥാപിച്ചാലും, ഇല്ലെങ്കിലും എന്ത്? തിന്നുക, കുടിക്കുക, ആനന്ദിക്കുക, എന്നുള്ളതാണ് അവരുടെ ആപ്തവാക്യം.

 

    ലോകാരോഗ്യ സംഘടന തന്നെ മഹാമാരിയായി പ്രഖ്യാപിച്ച കൊറോണ   സഡൻ ബ്രേക്കിട്ട കണക്കെ പെട്ടെന്നു ആധുനികലോകത്തെ നിശ്ചലമാക്കുന്നതും; ജനങ്ങളെ ആബാലവൃദ്ധം വീട്ടിനുള്ളിൽ തളച്ചിടുന്നതും ഈ തലമുറ സ്വന്തം കണ്ണുകൊണ്ട് കണ്ടു. കേമന്മാരും പരാക്രമശാലികളുമായ ഭരണാധികാരികൾ സഹായത്തിനായി പൊട്ടികരഞ്ഞുകൊണ്ട് പരസ്യമായി ദൈവത്തോട് നിലവിളിക്കുന്നതു കണ്ടപ്പോൾ ഭൂമിയിലെ സകല ജാതികൾക്കും നിരാശയോടു കൂടിയ പരിഭ്രമമുണ്ടായി. അവരുടെ അറിവിനും, ജ്ഞാനത്തിനുംയുക്തിക്കും, ചിന്തക്കും അപ്പുറമുള്ള കാര്യങ്ങളാണ് സംഭവിച്ചത്. മശിഹതമ്പുരാൻ അരുളിച്ചെയ്തതു പോലെ കാര്യങ്ങൾ ഈ തലമുറയിലും സംഭവിച്ചു. എന്നാൽ കൊറോണ നൽകുന്ന യുഗാന്ത്യസന്ദേശം ഈ മഹാമാരി വെറും ഈറ്റുനോവിന്റെ ആരംഭം മാത്രം എന്നാണ്. അപ്പോക്കാ- ലിപ്‌സിൽ കാണുന്ന മരണനിറമുള്ള നാലാമത്തെ കുതിരക്കാരൻ ഒരു കൂട്ടം പകർച്ചവ്യാധികളുമായി ഉലകം ചുറ്റാനിറങ്ങുമ്പോൾ സംഭവിക്കുന്നത് മാരകമായ സാംക്രമിക രോഗങ്ങളായിരിക്കും.

 

    "അപ്പോൾ ഞാൻ മഞ്ഞനിറമുള്ളോരു കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്നു മരണം എന്നു പേർ; പാതാളം അവനെ പിന്തുടർന്നു; അവർക്കു വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാവ്യാധികൊണ്ടും ഭൂമിയിലെ കാട്ടുമൃഗങ്ങളെക്കൊണ്ടും കൊന്നുകളവാൻ ഭൂമിയുടെ കാലംശത്തിന്മേൽ അധികാരം  ലഭിച്ചു." (വെളി.6:8).

 

        Pr. Varghese Joseph 

 


 

Comments

nterserver Webhosting and VPS

(eUK) eUKhost Ltd

Popular posts from this blog

റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി..

പാശ്ചാത്യ ധനസഹായത്തിൽ നിന്ന് റഷ്യയെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു, റഷ്യ ഉക്രെയ്നിലെ "അധിനിവേശം" തുടരുകയാണെങ്കിൽ നടപടികളുമായി "കൂടുതൽ മുന്നോട്ട് പോകും" എന്ന് വാഗ്ദാനം ചെയ്തു. കിഴക്കൻ ഉക്രെയ്നിൽ സ്ഥിതി ചെയ്യുന്ന രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ സ്വാതന്ത്ര്യം താൻ അംഗീകരിച്ചതായി ഈ ആഴ്ച ആദ്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു, ഇത് പാശ്ചാത്യ ശക്തികളുടെ രോഷത്തിന് കാരണമായി. രണ്ട് വേർപിരിഞ്ഞ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പുടിൻ റഷ്യൻ സൈനികരോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പുടിനോടുള്ള പ്രതികരണമായി നടത്തിയ പ്രസംഗത്തിൽ, റഷ്യൻ പ്രസിഡന്റ് ഉക്രെയ്നിൽ അധിക പ്രദേശം അവകാശവാദമുന്നയിച്ചതായി ചൂണ്ടിക്കാട്ടി, "കൂടുതൽ പ്രദേശം" ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെ ന്യായീകരിക്കാനുള്ള പുടിന്റെ വാക്കുകൾ ഒരു "യുക്തി"യാണെന്ന് ബിഡൻ മാധ്യമങ്ങളോട് പറഞ്ഞു. “ഇത് ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ തുടക്കമാണ്,” ബൈഡൻ പറഞ്ഞു. "ഞങ്ങളും ഞങ്ങ...

ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം: നമ്മൾ ജീവിക്കുന്നത് അന്ത്യകാലത്താണോ?

ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം ഒരു സുപ്രധാന സംഭവമാണോ? പല ക്രിസ്ത്യാനികളും ഈ ചോദ്യം ചർച്ചചെയ്യുമ്പോൾ, സതേൺ കാലിഫോർണിയ പാസ്റ്റർ ഗ്രെഗ് ലോറി എന്തുകൊണ്ടാണ് നമ്മൾ അന്ത്യകാലത്തിലാണ് ജീവിക്കുന്നതെന്ന് വിശ്വസിക്കുന്നത് എന്ന് വിശദീകരിക്കുന്നു. കാലിഫോർണിയയിലെ മൾട്ടി-കാമ്പസ് ഹാർവെസ്റ്റ് ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ ലോറി തന്റെ സഭയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ മത്തായി 24-നെ പരാമർശിച്ച് പറഞ്ഞു: "നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധങ്ങളുടെ കിംവദന്തികളെക്കുറിച്ചും കേൾക്കും" എന്ന് വായിക്കുന്നു. പിൻവരുന്ന വാക്യം, അവസാന നാളുകളിൽ നമുക്കുചുറ്റും ഉണ്ടായിരുന്ന മഹാമാരികളെക്കുറിച്ച് സംസാരിക്കുന്നു. “കൊറോണ വൈറസ് ഒരു പ്ലേഗ് അല്ലെങ്കിൽ, അത് എന്താണെന്ന് എനിക്കറിയില്ല. ഇതൊരു ആഗോള പ്ലേഗാണ്. ” യെഹെസ്‌കേൽ 38-ൽ ഇസ്രായേലിനെ ആക്രമിക്കുന്ന മാഗോഗിന്റെ പരാമർശം ആധുനിക റഷ്യയാണെന്ന് പല ബൈബിൾ പണ്ഡിതന്മാരും വിശ്വസിക്കുന്നു, അദ്ദേഹം തുടരുന്നു. യെഹെസ്‌കേലിലെ മറ്റൊരു പ്രവചനമനുസരിച്ച്, യഹൂദന്മാർ ചിതറിപ്പോവുകയും അ...

അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്..

  അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്  യുഎസ് സമയം ബുധനാഴ്ച രാത്രി റഷ്യൻ ആക്രമണം ആരംഭിച്ചപ്പോൾ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിൽ എയർവേവുകളിൽ എത്തി, തന്റെ ഭരണകാലത്ത് ഇത് നടക്കില്ലായിരുന്നുവെന്ന് വാദിച്ചു.  പുടിൻ “ആദ്യം ഇത് ചെയ്യാൻ ആഗ്രഹിച്ചു” എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് ഫോണിൽ പറഞ്ഞു.  "അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനും ചർച്ച നടത്താനും ആഗ്രഹമുണ്ടായിരുന്നു, അത് കൂടുതൽ വഷളായി, തുടർന്ന് അദ്ദേഹം ബലഹീനത കണ്ടു," ട്രംപ് പറഞ്ഞു.  കൂടാതെ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിന്റെ ബലഹീനതയാണ് റഷ്യൻ അധിനിവേശത്തിന് ഭാഗികമായി പ്രേരിപ്പിച്ചതെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു.