ഇത് എന്റെ മാത്രം അനുഭവമല്ല. സമൂഹത്തിന്റെ നന്മയും, സഹജീവികളുടെ പുഞ്ചിരിയും ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും പങ്കുവെയ്ക്കുവാൻ ഇങ്ങനെ ധാരാളം അനുഭവങ്ങൾ ഉണ്ടാകും.
തിരക്കുകൾ നിറഞ്ഞ ആധുനിക ലോകത്ത് മനുഷ്യരെല്ലാം പരക്കംപാച്ചിലിലാണ്. പേരിനും പ്രശസ്തിക്കും വേണ്ടിയുള്ള ഓട്ടം, കീശയിലെ കാശിന്റെ കനം കൂട്ടാനും, ബാങ്ക് നിക്ഷേപത്തിൽ ഏതാനും ചില അക്കങ്ങൾ കൂടി കൂട്ടിച്ചേർക്കുവാനും, അയൽക്കാരന്റെ വീടിനെക്കാൾ സ്വന്തം വീട് മോടിപിടിപ്പിക്കുവാനും വേണ്ടിയുള്ള ഓട്ടം....!! എനിക്കും എന്റെ മക്കൾക്കും എന്നുള്ള കംഫർട്ട് സോണിൽ മനുഷ്യ ജീവിതം ചുരുങ്ങിപോകുന്നു. ഇതിനിടയിൽ നമുക്ക് നഷ്ടപ്പെട്ടത് അപരന്റെ വേദന കാണുവാനുള്ള ദീർഘദൃഷ്ടിയാണ്.
പ്രശസ്ത മന:ശാസ്ത്രജ്ഞനായ എറിക് എറിക്സൺ വ്യക്തിത്വ വികസനത്തെ എട്ട് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. എട്ടാം ഘട്ടം (65 വയസ്സ് മുതൽ മരണം വരെ) എന്നത് ആത്മസംതൃപ്തിയും നിരാശയും(integrity Vs despair) തമ്മിലുള്ള സംഘർഷം ആണ്. വാർദ്ധക്യം എന്നത് കഴിഞ്ഞകാല ജീവിതത്തിലേയ്ക്ക് തിരിഞ്ഞു നോക്കുവാനുള്ള ഒരു അവസരം കൂടിയാണ്. ലഭിച്ച അറിവും, സമ്പത്തും, ആരോഗ്യവുമൊക്കെ ചുറ്റുമുള്ള മനുഷ്യരുടെ നന്മയ്ക്കും, പുരോഗതിയ്ക്കും വേണ്ടി ചിലവഴിച്ചവർ ജീവിതത്തിന്റെ അവസാന നാളുകളിൽ തികഞ്ഞ ആത്മസംതൃപ്തിയോടെ, ശാന്തമായി മരണത്തെ സ്വീകരിക്കുന്നു. എന്നാൽ സമൂഹത്തിന് യാതൊരു പ്രയോജനവും ചെയ്യാതെ സ്വാർത്ഥ താല്പര്യങ്ങളോടെ ജീവിച്ചവർ വാർദ്ധക്യത്തിൽ നിരാശരായി കാണപ്പെടുന്നുവെന്നും, സമൂഹത്തോടുള്ള കടപ്പാടുകൾ നിർവ്വഹിക്കാൻ കഴിയാതെ പോയതിലുള്ള കുറ്റബോധം അവരെ അലട്ടുന്നു എന്നും എറിക്സൺ വ്യക്തമാക്കുന്നു. മരണത്തെ അവർ ഭീതിയോടെ കാണുന്നു. ഭൂമിയിൽ ലഭിക്കുന്ന ചുരുക്കം ചില നാളുകൾ വേദനിക്കുന്ന, ഒന്നു ചിരിക്കുവാൻ പോലും മറന്നു പോകുന്ന നമ്മുടെ സഹോദരങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർത്തുവാൻ നമുക്ക് കഴിഞ്ഞെങ്കിൽ മാത്രമേ, ഭൂമിയിലെ നമ്മുടെ ജീവിതത്തിനു ലാസ്റ്റ് ബെൽ അടിക്കുമ്പോൾ, മരണത്തെ ഭയം
കൂടാതെ പുഞ്ചിരിയോടെ നേരിടുവാൻ നമുക്ക് കഴിയൂ.
അഗതികളുടെ അമ്മയായ മദർ തെരേസയോട് ഒരു പത്രപ്രവർത്തകൻ ഇപ്രകാരം ചോദിച്ചു: "എന്താണ് മദർ ഈ ലോകത്ത് ചെയ്തു കൊണ്ടിരിക്കുന്നത്? മദറിന്റെ ദൗത്യം എന്താണ്?". അതിന് മദർ നല്കിയ ഉത്തരം വളരെ ലളിതമായിരുന്നു: "ഞാൻ ചെയ്യുന്നത് വളരെ ചെറിയ ഒരു കാര്യമാണ്. നമുക്ക് ചുറ്റും അസുഖങ്ങളും മറ്റും നിമിത്തം കഷ്ടമനുഭവിക്കുന്ന മരണാസന്നരായ നിരവധി മനുഷ്യരുണ്ട്. മരിക്കുന്നതിന് മുൻപ് അവരെ പുഞ്ചിരിക്കുവാൻ സഹായിക്കുക എന്നതാണ് എന്റെ ദൗത്യം". അതേ വലിയ കാര്യങ്ങൾ ഒന്നും ചെയ്യുവാൻ നമുക്ക് കഴിഞ്ഞില്ലെങ്കിലും അപരന്റെ മുഖത്തെ പുഞ്ചിരിക്ക് നാം കാരണമാകുന്നുവെങ്കിൽ ജീവിതം അർത്ഥസമ്പൂർണ്ണമായി.
സ്വന്തം നാടിന്റെ സുരക്ഷിതത്വത്തിലേയ്ക്ക് മടങ്ങാൻ കൊതിച്ച എത്രയോ അതിഥി തൊഴിലാളികൾക്കാണ്പലായനത്തിനിടയിൽ ജീവൻ നഷ്ടപ്പെട്ടത്. സാധാരണക്കാരിൽ, സാധാരണക്കാരായ നമ്മുടെ സഹോദരങ്ങളുടെ കണ്ണുനീരിനും, രോദനത്തിനും മൗനം പാലിച്ച് കണ്ടിട്ടും കാണാതെ കടന്നു പോകുന്ന സർക്കാരുകളും ഭരണാധികാരികളും ഒന്നോർക്കുക, സ്വകാര്യവല്ക്കരണവും, ബഹിരാകാശത്തിൽ ചേക്കേറുവാനുമുള്ള വൻ പദ്ധതികളും മാത്രമായിരിക്കരുത് നമ്മുടെ ലക്ഷ്യം.വിശപ്പ് സഹിക്കാൻ കഴിയാതെ മണ്ണ് വാരി തിന്ന് വിശപ്പടക്കുന്ന കുട്ടികളും, ഉടുതുണിയ്ക്ക് മറുതുണി പോലുമില്ലാതെ ജീവിക്കുന്ന വലിയൊരു ശതമാനം മനുഷ്യരുമുള്ള രാജ്യമാണ് നമ്മുടേത്. പാലത്തിന്റെ അടിയിലും, റോഡരികിലും മഴയും വെയിലുമേറ്റ് ജീവിക്കുന്ന
ഇവരുടെ കണ്ണീരൊപ്പുകയാണ്
ഒരു ജനകീയ സർക്കാരിൻ്റെ പ്രാഥമിക ദൗത്യം. അയൽ വീട്ടിലുള്ളവർ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുമ്പോൾ അത് കണ്ടില്ലെന്ന് നടിച്ച്, നാല് നേരം ആഹാരം കഴിച്ചിട്ടും തൃപ്തിവരാതെ ജീവിക്കുന്ന നമുക്ക്, നെഞ്ചത്ത് കൈവെച്ച് എല്ലാ ഇൻഡ്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണെന്ന് പ്രതിജ്ഞയെടുക്കാൻ ലജജയില്ലേ?
സ്നേഹമാണ് ഏറ്റവും വലിയ മതം. പങ്ക് വയ്ക്കലാണ് മനുഷ്യനെ മനുഷ്യത്വമുള്ളവനാക്കി തീർക്കുന്നത്. മിച്ചം പിടിക്കാൻ അധികം ഒന്നും ഇല്ലാത്തവരാണ് പങ്കുവെയ്ക്കുന്നവരിൽ അധികവും എന്നതാണ് വാസ്തവം. പങ്കുവെയ്ക്കലിന്റെ മഹത്വം അത്ര പരിചയമില്ലാത്ത ഒരു തലമുറയാണ് നമ്മുടേത്..! സ്ക്കൂളിൽ കൊടുത്തു വിടുന്ന സ്നാക്ക് 'നീ തന്നെ കഴിച്ചാൽമതി,കൂട്ടുകാർക്കൊന്നും കൊടുക്കരുത് ' എന്ന് പറഞ്ഞ് സ്വാർത്ഥതയുടെ ബാലപാഠങ്ങൾ ചൊല്ലിക്കൊടുക്കുന്ന മാതാപിതാക്കൾ തന്നെയാണ് മുഖ്യപ്രതികൾ. ചെറിയ ഒരു മിഠായി ആണെങ്കിൽ പോലും സഹോദരങ്ങളുമായോ, മാതാപിതാക്കളുമായോ അത് പങ്കുവെയ്ക്കുവാൻ കുട്ടിയെ ശീലിപ്പിക്കുക. അല്ലെങ്കിൽ നാം അവരുടെ പിഞ്ചുമനസ്സിൽ വിതയ്ക്കുന്നത് സ്വാർത്ഥതയുടെ വിത്താണെന്ന് മറക്കരുത്. വലിയ ലക്ഷ്യങ്ങളിലെത്താൻ അവരെ പ്രേരിപ്പിക്കുമ്പോഴും, വേദനിക്കുന്നവരുടെ കണ്ണീരൊപ്പുവാനും തന്നാലാവുന്ന വിധം മറ്റുള്ളവരെ സഹായിക്കുവാനും കുട്ടികളെ ശീലിപ്പിക്കുക. മുതിർന്നവർ അതിന് മാതൃക കാണിച്ചുകൊടുക്കുക.
ബസ്സിലും മറ്റും യാത്ര ചെയ്യുമ്പോൾ തൊട്ടരികിൽ ഇരിക്കുന്നവരെ ഒന്നു നോക്കുക പോലും ചെയ്യാതെ മൊബൈൽ ഫോണിന്റെ മാസ്മരിക ലോകത്ത് മയങ്ങിയിരിക്കുന്ന നിരവധി പേരെ യാത്രയിൽ കണ്ടിട്ടുണ്ട്. സഹയാത്രികരെ നോക്കി ഒന്നു പുഞ്ചിരിച്ച് സംസാരിച്ച് നോക്കു. തകർന്നെന്നു തോന്നുന്ന ജീവിതത്തെ പണിതെടുക്കുവാനും, വൈദ്യശാസ്ത്രത്തിന് ഉണക്കുവാൻ കഴിയാത്ത മനസ്സിന്റെ മുറിവുകളെ വെച്ച് കെട്ടുവാനും നമ്മുടെ വാക്കുകൾക്ക് കെല്പില്ലാ എന്നാര് കണ്ടു? കാഴ്ചയില്ലാത്തവന് നയനമായി, കേൾവി ഇല്ലാത്തവന് കാതായി, ദുഃഖിക്കുന്നവന് ആശ്വാസമായി, ഇരുളടഞ്ഞ ജീവിതങ്ങൾക്ക് പ്രകാശമായി തീരുവാൻ സഹായിക്കേണമേ എന്ന പ്രാർത്ഥനയോടെ ഓരോ പുലർവേളയും ആരംഭിക്കുക. വളരെ ചെറിയ പ്രകാശമേ ഉള്ളൂ എന്നറിഞ്ഞിട്ടും ഇരുളിൽ പ്രകാശം പരത്തുന്ന മിന്നാമിനുങ്ങിനെ പോലെ ,ജീവിതത്തിൽ ലഭിക്കുന്ന കൊച്ചു കൊച്ചു അനുഗ്രഹങ്ങൾ പോലും സമൂഹത്തിന്റെ നന്മയ്ക്കും, പുരോഗതിയ്ക്കും വിനിയോഗിക്കുവാൻ നമുക്ക് ഓരോരുത്തർക്കും സാധിക്കട്ടെ. ആകാശത്തിലെ നക്ഷത്രങ്ങളെ സ്വപ്നം കാണുമ്പോഴും ഇടയ്ക്കൊക്കെ താഴെ ഭൂമിയിലേയ്ക്ക് കൂടി ഒന്നു നോക്കു.എങ്കിൽ, മാത്രമേ നമുക്ക് ചുറ്റും ജീവിക്കാൻ പാട് പെടുന്ന ഈ ചെറിയ മനുഷ്യരെ നമുക്ക് കാണാൻ സാധിക്കു...
അനു ഗ്രേയ്സ് ചാക്കോ

Comments
Post a Comment