Skip to main content

(eUK) eUKhost Ltd

(eUK) eUKhost Ltd

അടിച്ചാലും വേദനിക്കാത്തവർ..


ലോകത്തെ അക്ഷരാർത്ഥത്തിൽ തന്നെ നിശ്ചലമാക്കിയ ഒരു മഹാവിപത്തായിരുന്നു കോവിഡ്- 19. ആധിപിടിച്ച ഒരു ലോകത്തെ നമ്മൾ നേരിൽ കണ്ടു. യാത്രകൾ, മതപരമായ ചടങ്ങുകൾ, ആഘോഷങ്ങൾ, കൂട്ടം ചേരലുകൾ, അങ്ങനെ പല കാര്യങ്ങളും നമുക്ക് വിലക്കപ്പെട്ടു.

 

   വ്യത്യസ്ത

 അഭിപ്രായങ്ങളും, നിഗമനങ്ങളും,  കണ്ടുപിടുത്തങ്ങളും ആണ് ഈ നാളുകളിൽ പൊതുസമൂഹം പങ്കുവച്ചത്.

നാസ്തികരും, ഈശ്വരവിശ്വാസികളും, വിദഗ്ദ്ധരായ ഭിഷഗ്വരന്മാരും ഭരണകർത്താക്കളും അവരവരുടെ ബോദ്ധ്യങ്ങളും അറിവുകളും മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചതു പലരും ശ്രദ്ധിച്ചിരുന്നു. പൊതു സമൂഹം ഇതെല്ലാം കണ്ടും കേട്ടും വല്ലാതെ ആശങ്കപ്പെടുകയാണ്.

 

          ചൈനക്കാരുടെ ഭക്ഷണ ശീലങ്ങളെയും  യുദ്ധക്കൊതിയന്മാരും, ആയുധ കച്ചവടക്കാരുമായ ഭരണാധികാരികളെയും    പ്രകൃതിയുടെ മേൽ മനുഷ്യൻ നടത്തിയ ദ്രോഹങ്ങളെയും,   മനുഷ്യന്റെ വഴി തെറ്റിയ ജീവിതത്തെയും എന്തിനേറെപ്പറയുന്നു സർവ്വശക്തനായ മഹാ ദൈവത്തെ വരെ ലോകം പ്രതിക്കൂട്ടിൽ കയറ്റി വിചാരണ നടത്തിയ ദിവസങ്ങളായിരുന്നു  കോവിഡ്കാലഘട്ടം .

ദൈവം എവിടെ? എന്നു ആക്രോശിച്ചവരും കുറവല്ലായിരുന്നു.

 

      ഈ സാഹചര്യത്തിൽ തിരുവചന വീക്ഷണത്തിൽ ചില ചിന്തകൾ പങ്കുവയ്ക്കുകയാണ്.

മഹാവ്യാധികൾ, ക്ഷാമങ്ങൾ, ഭൂകമ്പങ്ങൾ മുതലായ ദുരന്തങ്ങളുടെ പുറകിൽ മറഞ്ഞിരിക്കുന്ന ദൈവിക ഇടപെടലുകൾ ഹൃദയ ദൃഷ്ടി പ്രകാശിക്കപ്പെട്ട ദൈവമക്കൾക്ക് ദർശിക്കുവാൻ സാധിച്ചിട്ടുണ്ട്.

ദൈവീക ന്യായവിധികൾ എന്നോ  ,ശാസനകൾ എന്നോ, ശിക്ഷകൾ എന്നോ അതിനെ വിളിച്ചു കൊള്ളുക.

 

     എബ്രായർ - 12:10 ൽ "നാം അവന്റെ  (ക്രിസ്തുവിന്റെ വിശുദ്ധി പ്രാപിക്കേണ്ടതിനു, നമ്മുടെ ഗുണത്തിനായി തന്നെ ശിക്ഷിക്കുന്നത്. ഏത് ശിക്ഷയും തല്ക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും" എന്നു പറഞ്ഞിട്ടുള്ളത് വായിച്ചിട്ടോ,  കേട്ടിട്ടോ ഉണ്ടാകുമല്ലോ.

അങ്ങനെ എങ്കിൽ ഈ മഹാവ്യാധിയെ ബൈബിൾ വീക്ഷണത്തിൽ ന്യായവിധിയായി കണ്ടു കൊണ്ട് ചില ചോദ്യങ്ങൾ നമ്മൾ നമ്മോടു തന്നെ ചോദിച്ചു കൊണ്ട് ആത്മപരിശോധനയ്ക്കു വിധേയമാക്കുവാൻ ശ്രമിക്കുകയാണ്.

 

1. ദൈവമാണ് ന്യായവിധി അയച്ചതെങ്കിൽ  അതിന്റെ കാരണം എന്താണ് ?

 

2 .ന്യായവിധികൾ കൊണ്ട് മനുഷ്യർക്ക് എന്തെങ്കിലും വ്യത്യാസങ്ങൾ (മാനസാന്തര അനു ഭവങ്ങൾ ) ഉണ്ടായിട്ടുണ്ടോ ?

   

       ഈ കാര്യങ്ങളല്ലേ വാസ്തവത്തിൽ നമ്മുടെ ആത്മീയ സമൂഹം മനനം ചെയ്യേണ്ടത്?

 

      ജാതീയ ലോകത്തിനു എന്തു മാറ്റമാണ് സംഭവിച്ചത്.? പ്രത്യേകിച്ചു ഒന്നും സംഭവിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. പരിഭ്രമത്തോടു കൂടിയ ഒരു നിരാശ ഉണ്ടായിട്ടുണ്ട് ചിലർക്ക്. വേറേ ചിലർ ദൈവത്തേയും, ദൈവവചനത്തേയും ദുഷിക്കുവാനാണ് ഈ സമയം ഉപയോഗിച്ചത്..കുടുംബവുമായി ഒന്നിച്ചു കഴിയാൻ സാധിച്ചു എന്ന വകാശപ്പെടുന്നവരുമുണ്ട് ഇതിന്റെ ഇടയിൽ. മറ്റു ചിലർ കൃഷിയിടങ്ങളിൽ അദ്ധ്വാനിച്ചു കൊണ്ട് സമയം ചിലവഴിച്ചു.

ചോദ്യംആരെങ്കിലും മാനസാന്തരപ്പെട്ടുവോ? പിണങ്ങിക്കഴിഞ്ഞിരുന്ന ആരെങ്കിലും നിരപ്പു പ്രാപിച്ചതായി അറിവുണ്ടോ? ജീവനുള്ള സത്യ ദൈവത്തിങ്കലേയ്ക്കു ആരെങ്കിലും തിരിഞ്ഞുവോ?

ല്ലെങ്കിൽ നമ്മൾ ഇനിയും ഇതിനേക്കാൾ വലുതും, ഭയങ്കരവുമായ പല സംഭവങ്ങൾക്കും സാക്ഷി  ആകേണ്ടിവന്നേക്കാം.

എന്നാൽ ജനം അനുതപിച്ചിരുന്നു എങ്കിൽ ദൈവം അനർത്ഥത്തെക്കുറിച്ചു അനുതപിക്കുമായിരുന്നു.

അവർ ദുർമ്മാർഗ്ഗം വിട്ടു തിരിഞ്ഞു എന്ന് ദൈവം അവരുടെ പ്രവർത്തികളാൽ കണ്ട് താൻ അവർക്കു വരുത്തും എന്നു അരുളിചെയ്തിരുന്ന അനർത്ഥത്തെക്കുറിച്ചു  അനുതപിച്ചു അതു വരുത്തിയതുമില്ല (യോന - 3:10).

അനുതപിച്ചാൽ അനർത്ഥങ്ങൾ മാറിപ്പോകും എന്നു തിരുവചനം ഉറപ്പു തന്നിരിക്കുന്നു.

 

     എന്നാൽ ലോക്ഡൗണിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്കു ഇളവുകൾ വരുത്തിയപ്പോൾ നടന്ന  സംഭവങ്ങൾ (മദ്യം വാങ്ങുവാനുള്ള ബഹളങ്ങൾ, മദ്യപിച്ചതിനു ശേഷം നടന്ന കൊലപാതകങ്ങൾ, ഭരണാധികാരികളുടെ അഹങ്കാരപരമായ പ്രസ്താവനകൾ) യാതൊരു മനഃസ്താപമോ, ആത്മതപനമോ സംഭവിച്ചിട്ടില്ല എന്നുള്ളതിന്നു തെളിവാണ്.

 

       ഈജിപ്തിൽ ബാധകൾ ദൈവം അയച്ചപ്പോൾ ഗത്യന്തരമില്ലാതെ അഹരോനോടും, മോശെയോടും പ്രാർത്ഥിക്കുവാൻ പറഞ്ഞഫറവോ രാജാവിനെ പോലെയായിരിക്കുന്നു ഇന്നത്തെ മനുഷ്യർ. ബാധ മാറി എന്നു കണ്ടപ്പോൾ പഴയ സ്വഭാവം പുറത്തെടുത്തു ഫറവോൻ. അവൻ വീണ്ടും തന്റെ ഹൃദയം കഠിനപ്പെടുത്തി( പുറ- 8:15). അല്പസമയത്തേയ്ക്കു ഒരു ചെറിയ ദൈവഭയംബാധ മാറിയപ്പോൾ വീണ്ടും ഹൃദയകാഠിന്യം.

ന്യായവിധികൾ മാനസാന്തരത്തിലേയ്ക്കു ജനത്തെ നടത്തുവാനാണ് ദൈവത്തിന്റെ അനുവാദത്തോടെ അയക്കപ്പെടുന്നത്. എന്നാൽ മനുഷ്യൻ അത് തിരിച്ചറിയാതെ മൃഗപ്രായനായി ജീവിക്കുന്നു  എന്നതല്ലേ സത്യം…!

 

     വെളിപ്പാട് - 9:20 ൽ 'ഭൂമിയിൽ ഇന്നുവരെ നടന്നിട്ടില്ലാത്തതും  എന്നാൽ, എത്രയും വേഗം നടക്കുവാൻ പോകുന്നതുമായ' ഒരു ബാധയെക്കുറിച്ചു പറഞ്ഞിരിക്കുന്നു. ആ മഹാ ബാധയാൽ ഭൂതലത്തിലുള്ള മനുഷ്യരിൽ മൂന്നിലൊന്നു മരിച്ചു പോകുംഎന്നാൽ ഈ ബാധയാൽ മരിക്കാത്ത ശേഷം മനുഷ്യർ എന്തു ചെയ്യും എന്നു കൂടി ദൈവവചനത്തിൽ പരാമർശിച്ചിട്ടുണ്ട്.

'ഈ ബാധയാൽ മരിച്ചു പോകാത്ത ശേഷം മനുഷ്യരോ ദുർഭൂതങ്ങളെയുംകാണ്മാനും കേൾക്കാനുംനടക്കാനും വഹിയാത്ത പൊന്ന്വെള്ളി,   ചെമ്പ്, കല്ലു, മരംഇവ കൊണ്ടുള്ള ബിംബങ്ങളെയും നമസ്ക്കരിക്കാതവണ്ണം തങ്ങളുടെ കൈപ്പണി വിട്ടു  മാനസാന്തരപ്പെട്ടില്ല. തങ്ങളുടെ കൊലപാതകംക്ഷുദ്രം, ദുർന്നടപ്പ്, മോഷണം എന്നിവ വിട്ടു മാനസാന്തരപ്പെട്ടതുമില്ല'.

 

     ജാതീയ ലോകത്തിനു ന്യായവിധികൾ നിമിത്തം  മാനസാന്തരം ഉണ്ടായില്ല എന്നുള്ളതാണ് സത്യമെങ്കിലും അവരെ പ്രതിക്കൂട്ടിൽ കയറ്റി ദൈവത്തിന്റെ ജനം എന്ന് അവകാശപ്പെടുന്ന ദൈവസഭയ്ക്കു  ഒഴിഞ്ഞു മാറി രക്ഷപെടുവാൻ കഴിയുമോ.?

ഒരിക്കലും കഴിയില്ല. കാരണം, ന്യായവിധി ആരംഭിച്ചിരിക്കുന്നത് ദൈവഗൃഹത്തിലും കൂടിയാണ്.

1 പത്രൊസ്- 4:17 ലാണ് 'ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിക്കുവാൻ സമയമായല്ലോ ?  അത് നമ്മിൽ തുടങ്ങിയാൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും' എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

 

        ദൈവജനത്തെ ദൈവീക ന്യായവിധികൾ ഏതെങ്കിലും നിലയിൽ സ്വാധീനിച്ചിട്ടുണ്ടോ? അങ്ങനെ എന്തെങ്കിലും അനുഭവങ്ങൾ ആരെങ്കിലും പങ്കുവച്ചത് കേൾക്കാൻ കഴിഞ്ഞോ? കോവിഡ് കാലത്ത് സോഷ്യൽ മീഡിയാകളിൽ ലൈവായിട്ടുള്ള പ്രസംഗങ്ങളുടേയും, സാക്ഷ്യങ്ങളുടേയും, ആരാധനകളുടേയും നീണ്ട പരമ്പരകളായിരുന്നു. സമയം കളയുവാൻ വേണ്ടിയായിരുന്നുവോ? മറ്റുള്ളവർ ചെയ്യുന്നത് കണ്ടതിൽ നിന്നുള്ള അസൂയയിൽ നിന്നായിരുന്നുവോപത്ത് പേരറിയാൻ വേണ്ടിയായിരുന്നുവോ? നടത്തിയ പ്രോഗ്രാമുകളിൽ: 'നമ്മൾ തെറ്റിപ്പോയി നമ്മുടെ പാപങ്ങളെ ഏറ്റു പറഞ്ഞു കരയാം' എന്നുള്ള വചനങ്ങൾ കേൾക്കുവാൻ സാധിച്ചുവോ? സാധിച്ചിട്ടുണ്ടെങ്കിൽ എത്രപേർ ആ വചനം കേട്ട് അങ്ങനെ ചെയ്തിട്ടുണ്ടാവും.?

സഭകളും വ്യക്തികളും തമ്മിൽ, തമ്മിലുള്ള വ്യവഹാരങ്ങൾ പിൻവലിക്കാം... സഭകളിലെ രാഷ്ട്രീയ നാടകങ്ങൾ അവസാനിപ്പിക്കാം...അനാത്മീകവും, ജഢീകവുംപ്രാകൃതവുമായ എല്ലാ കാര്യങ്ങളും ഉപേക്ഷിക്കാം..  ഇനി ഉപായങ്ങളുംകൗശലവാക്കുകളും, തന്ത്രപ്രയോഗങ്ങളും വേണ്ട... നടത്തുന്ന ദൈവദാസന്മാർക്കും, ദൈവസഭയ്ക്കും, കർത്താവിനും കീഴടങ്ങി ജീവിച്ചു കൊള്ളാം...കള്ള പ്രവചനങ്ങൾ ഉപേക്ഷിക്കാം....ഒരു ദ്രവ്യാഗ്രഹിയോ,ദുർന്നടപ്പുകാരനോ ആയി ജീവിക്കാതിരിക്കാം...ഈവിധ തീരുമാനങ്ങൾ ദൈവ ദാസന്മാർക്കോ,

വിശ്വാസികൾക്കോ എടുക്കുവാൻ കഴിഞ്ഞിട്ടുണ്ടോ.?

എന്തെങ്കിലും മാനസാന്തരം ജീവിതത്തിൽ ഉണ്ടായിട്ടില്ലെങ്കിൽ നമ്മെ കാത്തിരിക്കുന്നതു സഹിപ്പാനും, കണ്ടു നില്ക്കുവാനും കഴിയാത്ത ദുരന്തങ്ങളായിരിക്കാം.

 

        യിരെമ്യാവ് - 5:3 ൽ 'നീ അവരെ അടിച്ചുഎങ്കിലും അവർക്ക് വേദനപ്പെട്ടില്ല. നീ അവരെ ക്ഷയിപ്പിച്ചു എങ്കിലും അവർക്കു ബോധം കൈക്കൊള്ളുവാൻ മനസ്സില്ലായിരുന്നു.

അവർ തങ്ങളുടെ മുഖം പാറയേക്കാൾ കടുപ്പമാക്കിമടങ്ങി വരുവാൻ അവർക്ക് മനസ്സില്ലായിരുന്നു' എന്നു പറഞ്ഞിരിക്കുന്നത് അടിച്ചിട്ടും  വേദന അറിയാത്ത ആളുകളെക്കുറിച്ചു തന്നെയാണ്. 

 

       ദൈവം സ്വന്ത ജനത്തെയും, ജാതീയ ലോകത്തെയും മഹാവ്യാധി എന്ന വടി കൊണ്ട് അടിച്ചു കഴിഞ്ഞു. ശിക്ഷയുടെ ഭാഗമായിതെറ്റുതിരുത്തി മടങ്ങി വരുവാൻ വേണ്ടി ..

പക്ഷേ വേദനിച്ചില്ല ആർക്കും. വേദനിച്ചിരുന്നു എങ്കിൽ കരച്ചിലും, നിലവിളിയും ഏറ്റു പറച്ചിലും ഉണ്ടാകുമായിരുന്നു.

എത്ര കിട്ടിയാലും പഠിക്കാത്ത ലോകം .

ഇനി ഏതൊക്കെ വടികളാണോ ദൈവം അടിക്കാൻ ഉപയോഗിക്കുന്നത്. 

വെട്ടുക്കിളികളോ? വിട്ടിലോ? പച്ചപ്പുഴുവോ? തുള്ളനോ ?

അതോ വിഷമഞ്ഞ്വരൾച്ച, ക്ഷാമംഭൂകമ്പം...?

ഒന്നും അറിയില്ല. 'മറഞ്ഞിരിക്കുന്ന കാര്യങ്ങൾ യഹോവക്കുള്ളത്'.

ഇനിയെങ്കിലും അവിടുത്തെ സന്നിധിയിലേയ്ക്കു അടുത്തുചെല്ലാംഎല്ലാ മുഖംമൂടി- കളും വലിച്ചെറിയാം, മാനസാന്തരപ്പെടാം.നമ്മുടെ കർത്താവ് വരുവാൻ അടുത്തിരിക്കുന്നു. ഒരുങ്ങാംനിത്യത നഷ്ടപ്പെടുത്തുന്നത് എന്തെല്ലാമാണോ അതിനോടെല്ലാം വിട പറയാം. അതിനായി ദൈവം നമ്മളെ ഓരോരുത്തരേയും സഹായിയ്ക്കുമാറാകട്ടെ എന്ന പ്രാർത്ഥനയോടു കൂടി.

     

    ദൈവവേലയിൽ നിങ്ങളുടെ

            പാസ്റ്റർ അനി ചാക്കോ

                       കോട്ടയം


 

Comments

nterserver Webhosting and VPS

(eUK) eUKhost Ltd

Popular posts from this blog

റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി..

പാശ്ചാത്യ ധനസഹായത്തിൽ നിന്ന് റഷ്യയെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു, റഷ്യ ഉക്രെയ്നിലെ "അധിനിവേശം" തുടരുകയാണെങ്കിൽ നടപടികളുമായി "കൂടുതൽ മുന്നോട്ട് പോകും" എന്ന് വാഗ്ദാനം ചെയ്തു. കിഴക്കൻ ഉക്രെയ്നിൽ സ്ഥിതി ചെയ്യുന്ന രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ സ്വാതന്ത്ര്യം താൻ അംഗീകരിച്ചതായി ഈ ആഴ്ച ആദ്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു, ഇത് പാശ്ചാത്യ ശക്തികളുടെ രോഷത്തിന് കാരണമായി. രണ്ട് വേർപിരിഞ്ഞ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പുടിൻ റഷ്യൻ സൈനികരോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പുടിനോടുള്ള പ്രതികരണമായി നടത്തിയ പ്രസംഗത്തിൽ, റഷ്യൻ പ്രസിഡന്റ് ഉക്രെയ്നിൽ അധിക പ്രദേശം അവകാശവാദമുന്നയിച്ചതായി ചൂണ്ടിക്കാട്ടി, "കൂടുതൽ പ്രദേശം" ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെ ന്യായീകരിക്കാനുള്ള പുടിന്റെ വാക്കുകൾ ഒരു "യുക്തി"യാണെന്ന് ബിഡൻ മാധ്യമങ്ങളോട് പറഞ്ഞു. “ഇത് ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ തുടക്കമാണ്,” ബൈഡൻ പറഞ്ഞു. "ഞങ്ങളും ഞങ്ങ...

ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം: നമ്മൾ ജീവിക്കുന്നത് അന്ത്യകാലത്താണോ?

ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം ഒരു സുപ്രധാന സംഭവമാണോ? പല ക്രിസ്ത്യാനികളും ഈ ചോദ്യം ചർച്ചചെയ്യുമ്പോൾ, സതേൺ കാലിഫോർണിയ പാസ്റ്റർ ഗ്രെഗ് ലോറി എന്തുകൊണ്ടാണ് നമ്മൾ അന്ത്യകാലത്തിലാണ് ജീവിക്കുന്നതെന്ന് വിശ്വസിക്കുന്നത് എന്ന് വിശദീകരിക്കുന്നു. കാലിഫോർണിയയിലെ മൾട്ടി-കാമ്പസ് ഹാർവെസ്റ്റ് ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ ലോറി തന്റെ സഭയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ മത്തായി 24-നെ പരാമർശിച്ച് പറഞ്ഞു: "നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധങ്ങളുടെ കിംവദന്തികളെക്കുറിച്ചും കേൾക്കും" എന്ന് വായിക്കുന്നു. പിൻവരുന്ന വാക്യം, അവസാന നാളുകളിൽ നമുക്കുചുറ്റും ഉണ്ടായിരുന്ന മഹാമാരികളെക്കുറിച്ച് സംസാരിക്കുന്നു. “കൊറോണ വൈറസ് ഒരു പ്ലേഗ് അല്ലെങ്കിൽ, അത് എന്താണെന്ന് എനിക്കറിയില്ല. ഇതൊരു ആഗോള പ്ലേഗാണ്. ” യെഹെസ്‌കേൽ 38-ൽ ഇസ്രായേലിനെ ആക്രമിക്കുന്ന മാഗോഗിന്റെ പരാമർശം ആധുനിക റഷ്യയാണെന്ന് പല ബൈബിൾ പണ്ഡിതന്മാരും വിശ്വസിക്കുന്നു, അദ്ദേഹം തുടരുന്നു. യെഹെസ്‌കേലിലെ മറ്റൊരു പ്രവചനമനുസരിച്ച്, യഹൂദന്മാർ ചിതറിപ്പോവുകയും അ...

അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്..

  അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്  യുഎസ് സമയം ബുധനാഴ്ച രാത്രി റഷ്യൻ ആക്രമണം ആരംഭിച്ചപ്പോൾ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിൽ എയർവേവുകളിൽ എത്തി, തന്റെ ഭരണകാലത്ത് ഇത് നടക്കില്ലായിരുന്നുവെന്ന് വാദിച്ചു.  പുടിൻ “ആദ്യം ഇത് ചെയ്യാൻ ആഗ്രഹിച്ചു” എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് ഫോണിൽ പറഞ്ഞു.  "അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനും ചർച്ച നടത്താനും ആഗ്രഹമുണ്ടായിരുന്നു, അത് കൂടുതൽ വഷളായി, തുടർന്ന് അദ്ദേഹം ബലഹീനത കണ്ടു," ട്രംപ് പറഞ്ഞു.  കൂടാതെ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിന്റെ ബലഹീനതയാണ് റഷ്യൻ അധിനിവേശത്തിന് ഭാഗികമായി പ്രേരിപ്പിച്ചതെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു.