Skip to main content

(eUK) eUKhost Ltd

(eUK) eUKhost Ltd

ദാനത്തിലോ ദാദാവിലോ ദൃഷ്ടി വയ്ക്കേണ്ടത്??


 വളരെ പ്രാധാന്യമുള്ള ഒരു ബൈബിൾ വിഷയമാണ് ഇവിടെ ഞാൻ ചർച്ച ചെയ്യുവാൻ ദൈവസന്നിധിയിൽ ആഗ്രഹിക്കുന്നത്. ഏതു കാലത്തും ജീവിച്ചിരിക്കുന്ന വിശ്വാസ സമൂഹത്തിന് വളരെ ചിന്തനീയമായ ഒരാത്മീയ ചിന്തയാണ് ഈ ലേഖനത്തിലൂടെ പുറത്തു കൊണ്ടു വരുവാൻ ഞാൻ കർത്താവിൽ ആഗ്രഹിക്കുന്നത്.

 പഴയനിയമകാലത്ത് ഇസ്രായേൽജനം ആഹാബ് എന്ന് പറയുന്ന ദുഷ്ടനായ രാജാവിന്റെ ഭരണകാലത്ത് വിഗ്രഹാരാധനയിൽ മുഴുകി. ദൈവത്തെ സേവിക്കുന്നവർ എന്ന് അവകാശപ്പെടുന്നവർ ബാലിന്റെ സേവകരായി മാറ്റപ്പെട്ട ആ കാലഘട്ടത്തിൽ ഏകനായി ദൈവത്താൽ രംഗത്ത് കൊണ്ടുവരപ്പെട്ട്  കർത്താവിനു വേണ്ടി ശുഷ്കാന്തിയോടെ ശുശ്രൂഷ ചെയ്ത അനുഗ്രഹിക്കപ്പെട്ട ഒരു ദൈവദാസൻ ആയിരുന്നു പ്രവാചകനായ ഏലിയാവ്.

 

 ജനത്തെ വിഗ്രഹാരാധനയിലേക്കും, പരസംഗത്തിലേക്കും നയിച്ച ദുഷ്ടനായ രാജാവിന്റെയുംപത്നിയുടെയും തന്ത്രങ്ങൾ മനസ്സിലാക്കിയ ഏലിയാ പ്രവാചകൻജീവനുള്ള ദൈവം ഇസ്രായേലിന്റെ ദൈവമായ യഹോവ തന്നെ എന്ന് തെളിയിക്കുവാൻ ദൈവത്താൽ നിയോഗിക്കപ്പെട്ട പ്രവാചകൻ ആയിരുന്നു.

 

 രാജാക്കന്മാരുടെ ഒന്നാം പുസ്തകം പതിനേഴാം അധ്യായത്തിൽ ആരംഭിക്കുന്ന ഏലിയാവിന്റെ ജീവചരിത്രം വളരെ ശ്രദ്ധേയമാണ്. ഇദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലം സംബന്ധിച്ചോ, മാതാപിതാക്കളെ സംബന്ധിച്ചോ, സഹോദരങ്ങളെ സംബന്ധിച്ചോ, സാമ്പത്തികസ്ഥിതി സംബന്ധിച്ചോ യാതൊരു കാര്യങ്ങളും ആ വേദഭാഗത്ത് കാണുവാൻ സാധിക്കുന്നില്ലഎന്നുള്ളത്  ഏറെ ചിന്തനീയം. എന്നാൽ ഗിലെയാദിലെ  തിശ്ബിയിൽ നിന്നുള്ളതിശ്ബ്യനായ ഏലിയാവ് എന്ന് പറഞ്ഞു കൊണ്ട് ആരംഭിക്കുന്ന അവന്റെ  ജീവചരിത്രം പരിമിതമെങ്കിലും ഇസ്രായേലിന്റെ  ചരിത്രത്തിൽ ശ്രദ്ധേയമായ നാഴികക്കല്ലുകൾ നാട്ടപ്പെട്ട ജീവചരിത്രം തന്നെ.

 

 ആഹാബിന്റെ  മുൻപാകെ പ്രവാചകനായി ശുശ്രൂഷ ചെയ്യുക എന്നുള്ളത് ഏറ്റവും ശ്രമകരമായ ഒരു സമർപ്പണം ആയിരുന്നുഎങ്കിലും രാജാവിന്റെ ക്രോധത്തെ ഭയപ്പെടാതെ ദൈവത്തെ മാത്രം ഭയപ്പെടുകയും, അനുസരിക്കുകയും, അവിടുന്നു നല്കുന്ന ആലോചനകൾ മാത്രം അറിയിച്ചു പോരുകയും ചെയ്യുന്ന പ്രവാചകനായിരുന്നു ഏലിയാവ്. 

 

 ഇസ്രായേൽ ദേശത്ത് ഏകദേശംനീണ്ട മൂന്നു സംവത്സരം ഉണ്ടാകുവാൻ പോകുന്ന മഹാവരൾച്ചയെക്കുറിച്ച് രാജാവിനെ അറിയിക്കുവാൻ നിയോഗിതനായ ദൈവദാസനായ പ്രവാചകന് വേണ്ട സംരക്ഷണം  നല്കുവാൻ ദൈവം മുന്നമേക്രമീകരണങ്ങൾ ചെയ്തിരുന്നു.  

 

"നീ ഇവിടെനിന്നു പുറപ്പെട്ടു കിഴക്കോട്ടു ചെന്നു യോർദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ ഒളിച്ചിരിക്ക.തോട്ടിൽനിന്നു നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്കു ഭക്ഷണം തരേണ്ടതിന്നു ഞാൻ കാക്കയോടു കല്പിച്ചിരിക്കുന്നു."

(  1 രാജാക്കന്മാർ‍ 17 : 3 ; 4 ) എന്ന് ദൈവം അവനോട് പറഞ്ഞു. യാതൊരു സംശയവും കൂടാതെ  കെരീത്തിലേക്ക് പോയ ഏലിയാവ്, ആഹാബിൻ്റെ കണ്ണിൽപെടാതെ അവിടെ  ഒളിച്ചിരിക്കുകയാണ്.

 

 ഇസ്രായേൽ രാജ്യം മുഴുവൻ അതിശക്തമായ വരൾച്ച ബാധിച്ചു. രാജാവിനുംപ്രജകൾക്കും, ദേശത്തെ മൃഗങ്ങൾക്കും,പക്ഷികൾക്കും വേണ്ടതു പോലെ ഭക്ഷിക്കുവാൻ ആഹാരം ഇല്ലാതെ, വെള്ളമില്ലാതെ ദേശം മുഴുവൻ വരണ്ട നിലയിൽ ആയിത്തീർന്ന ആ സമയത്തും ദൈവത്തിന്റെ  അഭിഷിക്തനായ പ്രവാചകന്റെ  ജീവസന്ധാരണത്തിന് ആവശ്യമായ എല്ലാ    വകകളും ദൈവം മുന്നേമേ തന്നെ ക്രമീകരിച്ചിരുന്നു എന്നുള്ളത് ദൈവീക പദ്ധതിയുടെ രഹസ്യം ചുരുളഴിച്ചു നമ്മെ  അറിയിക്കുന്ന സത്യമാണ്..

 

 

എന്നാൽ, ദൈവം ചെയ്തു കൊണ്ടിരുന്ന ക്രമീകരണങ്ങൾ സ്ഥിരമായിരുന്നില്ല എന്ന് നമുക്ക് ഈ ഭാഗം വായിക്കുമ്പോൾ മനസ്സിലാക്കുവാൻ സാധിക്കും. എല്ലാദിവസവും രാവിലെയും, വൈകുന്നേരവും കാക്കയുടെ ചുണ്ടിൽ തനിക്ക് ആവശ്യമായ അപ്പവും,ഇറച്ചിയും കൊടുത്തയക്കുന്ന ദൈവത്തിൽനിന്നുള്ള ശ്രദ്ധ പെട്ടെന്ന്, കാക്കയിലേക്ക്  മാറിയതുകൊണ്ടാകാം കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ നമ്മൾ വായിക്കുന്നു : 'തോട്ടിലെ വെള്ളം വറ്റിപ്പോയികാക്കയുടെ വരവും നിന്നു' എന്ന്. പിന്നീട് ദൈവം അവനോട് പറഞ്ഞു: "എഴുന്നേറ്റു ചെന്ന് സാരെഫാത്തിൽ വിധവയുടെ വീട്ടിൽ പാർക്ക " എന്ന്.

 

 പ്രവാചകൻ ഉടൻ എഴുന്നേറ്റു,   സാരെഫാത്തിലെ വിധവയുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ നാം വായിക്കുന്നത് ഇങ്ങനെയാണ് :"അങ്ങനെ അവൻ എഴുന്നേറ്റു സാരെഫാത്തിന്നു പോയി. അവൻ പട്ടണവാതിൽക്കൽ എത്തിയപ്പോൾ അവിടെ ഒരു വിധവ വിറകു പെറുക്കിക്കൊണ്ടിരുന്നു. അവൻ അവളെ വിളിച്ചു: എനിക്കു കുടിപ്പാൻ ഒരു പാത്രത്തിൽ കുറെ വെള്ളം കൊണ്ടുവരേണമേ എന്നു പറഞ്ഞു.

(  1 രാജാക്കന്മാർ‍ 17 : 10 )

 

അവളുടെ വാക്കുകൾ വളരെ ദയനീയമാണ്.  "അതിന്നു അവൾ: നിന്റെ ദൈവമായ യഹോവയാണ, കലത്തിൽ ഒരു പിടി മാവും തുരുത്തിയിൽ അല്പം എണ്ണയും മാത്രമല്ലാതെ എനിക്കു ഒരു അപ്പവും ഇല്ല. ഞാൻ ഇതാ, രണ്ടു വിറകു പെറുക്കുന്നു; ഇതു കൊണ്ടുചെന്നു എനിക്കും മകന്നും വേണ്ടി ഒരുക്കി അതു ഞങ്ങൾ തിന്നിട്ടു മരിപ്പാനിരിക്കയാകുന്നു എന്നു പറഞ്ഞു.

(  1 രാജാക്കന്മാർ‍ 17 : 12 )

 

ഒരു പക്ഷേ 'നീ വേഗത്തിൽ പോയി ആദ്യം കലത്തിലെ മാവ് കൊണ്ട് ഒരു അട ഉണ്ടാക്കി എനിക്ക് തരിക' എന്ന്  പ്രവാചകൻ പറഞ്ഞത് അവിവേകമായി പോയോ എന്ന് സാധാരണക്കാരായ നമ്മൾ ചിന്തിച്ചേക്കുംകാരണം അവൾക്കുംമകനും വേണ്ടി മാത്രം അവശേഷിക്കുന്ന ഒരു അട ഉണ്ടാക്കാൻ മാത്രമുള്ള മാവിൽ നിന്ന് ആദ്യം  ദൈവപുരുഷന് ഒരു അട ഉണ്ടാക്കാൻ പറഞ്ഞത് സ്വാർത്ഥത അല്ലേ?

 

 എന്നാൽ അത് സ്വാർത്ഥത ആയിരുന്നില്ല. ആ ദൈവഭക്തയായ സ്ത്രീയുടെ ആത്മീക ഉൾക്കാഴ്ചയെ, പരീക്ഷിച്ച് അറിയുവാൻ പര്യാപ്തമായിരുന്ന ഒരു സന്ദേശമായിരുന്നു അത്. 

"ഏലീയാവു അവളോടു: ഭയപ്പെടേണ്ടാ; ചെന്നു നീ പറഞ്ഞതുപോലെ ചെയ്ക; എന്നാൽ ആദ്യം എനിക്കു ചെറിയോരു അട ഉണ്ടാക്കി കൊണ്ടുവരിക; പിന്നെ നിനക്കും നിന്റെ മകന്നും വേണ്ടി ഉണ്ടാക്കിക്കൊൾക.

യഹോവ ഭൂമിയിൽ മഴ പെയ്യിക്കുന്ന നാൾവരെ കലത്തിലെ മാവു തീർന്നുപോകയില്ല; ഭരണിയിലെ എണ്ണ കുറഞ്ഞുപോകയും ഇല്ല എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

(  1 രാജാക്കന്മാർ‍ 17 : 13 ; 14).

പ്രവാചകൻ പറഞ്ഞതു പോലെ അവൾ ഓടി ചെന്ന് അട ഉണ്ടാക്കി പ്രവാചകന്  കൊടുത്തു അവൻ തന്റെ  വിശപ്പടക്കി. യഹോവയായ ദൈവം ഏലിയാവിലൂടെ അരുളിച്ചെയ്തതുപോലെ അവളുടെ കലത്തിലെ മാവ് തീർന്നതുമില്ല, ഭരണിയിലെ എണ്ണ വറ്റി പോയതുമില്ല.

 

പിന്നീട് നാം കാണുന്നത് ആഹാബിനു തന്നെത്താൻ കാണിക്കുവാനുംദൈവത്തിന്റെ കല്പന പ്രകാരം ആകാശത്തുനിന്ന് മഴ ദേശത്തിന്റെ മേൽ പെയ്യുവാൻ പോകുന്ന കാര്യം അറിയിക്കുവാനും വേണ്ടി ആഹാബിന്റെ കൊട്ടാരത്തിൽ വന്നിരിക്കുന്ന പ്രവാചകനെയാണ്. ദേശം കൊടും വരൾച്ചയിലായപ്പോൾ വിഷമവൃത്തത്തിൽ ആയ രാജ്യവും,രാജാവും പ്രവാചകനെ കണ്ടമാത്രയിൽ തന്നെ അവനോട് : " ഇസ്രായേലിനെ കഷ്ടപ്പെടുത്തുന്നവൻ  നീയോ"? അതിനുത്തരമായി അവൻ പറഞ്ഞത് "ഞാനല്ല നീയും നിന്റെ പിതൃഭവനവുമത്രേഎന്നാണ്.

 

 ഇസ്രായേൽ ദേശം ഭരിക്കുന്ന ഒരു രാജാവിന്റെ സിംഹാസനത്തിനു  മുൻപാകെ പടയാളികൾ, ഊരി പിടിച്ച  വാളുമായി നിൽക്കുന്ന സ്ഥലത്ത് യാതൊരു ഭയവും കൂടാതെ ഇസ്രായേലിനെ കഷ്ടപ്പെടുത്തുന്നത് നീയും നിന്റെ പിതൃഭവനവുമാണ്  എന്ന് വിളിച്ചു പറയുവാൻ അവനെ  ശക്തിപ്പെടുത്തിയത് ദൈവം നൽകിയ ധൈര്യമാണ്.. 

 

ഇന്നും ദൈവജനത്തെ ആത്മീക അന്തതയിലേയ്ക്ക് നടത്തുന്ന, സത്യത്തോട് അനുസരണം ഇല്ലാതെ  കേവലം മൗലികമായ വാദത്തിലേക്കും, വചനവിരുദ്ധമായ പ്രവർത്തികളിലേക്കും വഴിതിരിച്ച്ദൈവത്തിനു വിരോധമായി പ്രവർത്തിക്കുന്ന സഭാനേതൃത്വത്തിനു മുൻപാകെഅവരുടെ മുഖത്ത് നോക്കി ഇസ്രായേലിനെ കഷ്ടപ്പെടുത്തുന്നവർ നിങ്ങളാണ് എന്ന്പറയുവാൻ കഴിയണമെങ്കിൽ ദൈവത്തിൽ മാത്രം കണ്ണ് നട്ടിട്ടുള്ള ധൈര്യമുള്ള ദൈവദാസന്മാർക്കു മാത്രമേ സാധിക്കുകയുള്ളൂ.

 

 ഏതായാലും ചരിത്ര ശിഷ്ടം നമുക്കെല്ലാവർക്കും അറിയാം; കർമ്മേലിൽ കെട്ടിപ്പൊക്കിയ യാഗപീഠത്തിന്മേൽ സ്വർഗ്ഗത്തിൽനിന്ന് താണിറങ്ങി വന്ന അഗ്നിയാൽ, എരിഞ്ഞമർന്ന യജ്ഞംകുണ്ടം  ചൂണ്ടിക്കാണിച്ചുകൊണ്ട് ഇസ്രായേലിന്റെ  ദൈവം യഹോവ തന്നെ എന്ന് വെളിപ്പെടുത്തി അനുക്രമമായി ബാലിന്റെ 400 പ്രവാചകന്മാരെ വാളിന്റെ  വായ്ത്തലയാൽ സംഹരിച്ചുദേശം  ശുദ്ധീകരിക്കുന്ന പ്രവാചകനെ കണ്ടിട്ടു,  "ഈസേബെൽ ഏലീയാവിന്റെ അടുക്കൽ ഒരു ദൂതനെ അയച്ചു: നാളെ ഈ നേരത്തു ഞാൻ നിന്റെ ജീവനെ അവരിൽ ഒരുത്തന്റെ ജീവനെപ്പോലെ ആക്കുന്നില്ല എങ്കിൽ ദേവന്മാർ എന്നോടു തക്കവണ്ണവും അധികവും ചെയ്യുമാറാകട്ടെ എന്നു പറയിച്ചു."

(  1 രാജാക്കന്മാർ‍ 19 : 2 )  ഈസേബെലിന്റെ ഈ ഭീഷണിയുടെ മുൻപാകെ, കേവലം മനുഷ്യനായതുകൊണ്ട് അടിപതറി പോയ ഏലിയാവ് അവിടെ നിന്ന് ഇറങ്ങി,  'താനോ മരുഭൂമിയിൽ ഒരു ദിവസത്തെ വഴി ചെന്നു ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിപ്പാൻ ഇച്ഛിച്ചു; ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാൻ എന്റെ പിതാക്കന്മാരെക്കാൾ നല്ലവനല്ലല്ലോ എന്നു പറഞ്ഞു.(  1 രാജാക്കന്മാർ‍ 19 : 4 ൽ ഈ ദയനീയ  കാഴ്ച നമുക്ക് കാണുവാൻ കഴിയുന്നുണ്ട്.

 എങ്കിലും, ഏലിയാവിനെ കുറിച്ച് ദൈവത്തിന് വളരെ കൃത്യമായ ഒരുപദ്ധതി ഉണ്ടായിരുന്നു എന്നാണ് നമുക്ക് തുടർന്നുള്ള വാക്യങ്ങളിലൂടെ പഠിക്കുവാൻ സാധിക്കുന്നത്. 

 

 ദൈവം ഭരമേല്പിച്ച ശുശ്രൂഷ സമ്പൂർണ്ണമായി നിവർത്തിക്കുന്നതിനു മുൻപ്, ഈസേബെൽ പുറപ്പെടുവിച്ച ഭീഷണി മുൻപാകെ, മരണത്തെ വാഞ്ചിച്ച  പ്രവാചകൻ ചൂരച്ചെടിയുടെ ചുവട്ടിൽ തളർന്നു കിടക്കുമ്പോൾസ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായ ദൈവത്തിന്റെ ദൂതൻ അവനോട് : "ഏലിയാവേ ഇവിടെ നിനക്ക് എന്ത് കാര്യം" ? എന്ന് ചോദിക്കുന്നു. അവൻ എഴുന്നേറ്റു നിൽക്കുമ്പോൾ  കനലിന്മേൽ ചുട്ട അടയുമായി ദൈവ ദൂതൻ അവനെ സ്വീകരിക്കാൻ നിൽക്കുകയാണ്.! തിന്നു, കുടിച്ചു ശക്തി പ്രാപിച്ച ശേഷം മുൻപോട്ടു നടന്ന് ദൈവത്തിനു വേണ്ടി ഏല്പിച്ച അവസാനത്തെ ശുശ്രൂഷയും  ചെയ്തതിനു ശേഷമാണ്, അവനെ അഗ്നി അശ്വങ്ങളുടെയും, അഗ്നിരഥങ്ങളുടെയും അകമ്പടിയോടുകൂടി സ്വർഗ്ഗത്തിലേക്ക് ജീവനോടെ എടുക്കപ്പെടുന്നത്.

 

 ഞാനിവിടെ പറഞ്ഞുവരുന്നതിന്റെ  ആത്മീയമായ സാരാംശം ഇതാണ് ദേശം  മുഴുവൻ വരൾച്ചബാധിതമായി പട്ടിണിയും, ക്ഷാമവും അഭിമുഖീകരിക്കുന്ന സമയത്തും ദൈവദാസനായ പ്രവാചകന്  ദൈവം സുഭിക്ഷിത നൽകി. എന്നാൽ,ഒരു സ്ത്രീയുടെ ഭീഷണി നിമിത്തം ഇസ്രായേലിൽ നിന്നും ഓടിപ്പോയി, മരുഭൂമിയിൽ ചെന്ന് നിരാശപ്പെട്ട് തളർന്നു കിടക്കുമ്പോൾകനലിൽ ചുട്ട അടയുമായി വന്ന് ദൈവദൂതൻ അവനെ പരിപോഷിപ്പിച്ചു. ആ ബലം കൊണ്ട്, അതായത് ദൂതൻ കൊടുത്ത ആഹാരത്തിന്റെ ബലം കൊണ്ട് പിന്നീട് ആഹാരം കഴിക്കാതെ 40 ദിവസത്തോളം അവൻ യാത്ര ചെയ്തു എന്നാണ് നാം വായിക്കുന്നത്..!!

 

കർത്താവിന് വേണ്ടിദൈവം വിളിച്ച് വേർതിരിച്ച ദൈവദാസൻമാരെ സംബന്ധിച്ചിടത്തോളം; അവർക്ക് ചിന്തിക്കാനും,പഠിക്കാനും കഴിയുന്ന ചില ആത്മീയ പാഠങ്ങൾ ഈ ചരിത്രത്തിലുണ്ട്.

 

 ഒന്നാമത്തെ ചിന്ത: നാം ദൈവദാസന്മാർ എന്ന നിലയിൽ നമ്മെ വിളിച്ച ദൈവം, നമ്മുടെ സകല ആവശ്യങ്ങളും നിവർത്തിച്ചു തരുവാൻ മതിയായവനാണ്. ദൈവദാസനായ ദാവീദ് പറയുന്നു:               '' അത്യുന്നതനായ ദൈവത്തെ ഞാൻ വിളിച്ചപേക്ഷിക്കുന്നു; എനിക്കുവേണ്ടി സകലവും നിർവ്വഹിക്കുന്ന ദൈവത്തെ തന്നേ."

(സങ്കീർത്തനങ്ങൾ 57 : 2). 

 

പ്പൊസ്തലനായ പൗലൊസ് ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽ  പറയുന്ന രണ്ടു വാക്യങ്ങൾ പ്രത്യേകം ശ്രദ്ധേയമാണ്. ഒന്ന് ; ''എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.(  ഫിലിപ്പിയർ  4 : 13 )രണ്ട് ; ''എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും.(  ഫിലിപ്പിയർ  4 : 19 ) ന്നും ഉറപ്പു പറയുന്നു.

 

ദൈവം വിളിച്ചവനെ പുലർത്തുക എന്നത് ദൈവത്തിന്റെ പദ്ധതിയാണ്. അവനെ സഹായിക്കുവാൻ ചില പ്രത്യേക ഉപാധികൾ ഉണ്ടാവാം, ആ ഉപാധികൾ ഏതൊക്കെയാണെന്ന് ദൈവം മുൻകൂട്ടി തന്റെ ഭക്തന്മാരെ അറിയിക്കാറില്ല. കെരീത്തിലേക്ക് ഓടി  പോകാൻ പറഞ്ഞപ്പോൾ അവിടെ, എങ്ങനെയാണ് പ്രവാചകനെ പുലർത്തുന്നത് എന്നതിനെക്കുറിച്ച് മുൻപ് കൂട്ടി ദൈവം അവനെ  അറിയിച്ചിരുന്നില്ല. എന്നാൽ അവനു അപ്പവും, ഇറച്ചിയും തക്കസമയത്ത് കൊടുക്കുവാൻ വേണ്ട ക്രമീകരണങ്ങൾ മുന്നമേനാഥൻ ഒരുക്കിവച്ചിരുന്നു..! എന്നിരുന്നാലും എല്ലാകാലത്തും തൻ്റെ ദാസന്മാരെ പുലർത്തുവാൻ ഒരേ മാധ്യമം മാത്രം ഉപയോഗിക്കാറില്ല എന്നുള്ള സത്യം കൂടെ ഈ ലേഖന ഭാഗത്ത് കൂട്ടി ചേർക്കട്ടെ.

 

 ഉദാഹരണത്തിന് കുറെ കഴിഞ്ഞപ്പോൾ തോട്ടിലെ വെള്ളം വറ്റികാക്കയുടെ വരവും നിന്നുഎന്നാൽ, സാരെഫാത്തിൽ ഒരു വിധവയെ ഏലിയാവിനെ പോറ്റുവാൻ നാഥൻ തയ്യാറാക്കി നിർത്തിയിരുന്നു..!!

 

 ചില സുവിശേഷ വേലക്കാരെ കഴിഞ്ഞ കാലങ്ങളിൽ (കുറേക്കാലത്തേക്ക് ) സഹായിക്കാൻ  ചില ദൈവദാസന്മാർ,അല്ലെങ്കിൽ ദൈവം ഒരുക്കിയ ചിലർ ഉണ്ടായിരുന്നു എന്നു വരാം. അവർ ഒരു കാലത്തേക്ക് നിങ്ങളുടെ വിഷമ ഘട്ടത്തിൽ നിങ്ങളെ സഹായിക്കാൻ ദൈവത്താൽ ഒരുക്കപ്പെട്ട കാക്കകളായിരുന്നു. എന്നാൽ നിങ്ങളുടെ  നോട്ടവും, നിങ്ങളുടെ ഹൃദയത്തിന്റെ നിർണ്ണയവും ഒരേ മാധ്യമത്തിൽ തന്നെ എന്നും പതിക്കുന്നത് ദൈവത്തിന് ഹിതമല്ല. ദൈവം ഒരേ മാർഗ്ഗത്തിലൂടെ തന്നെ ദൈവത്തിന്റെ ദാസന്മാരെ ശുശ്രൂഷിക്കുന്ന സംവിധാനം എല്ലായിപ്പോഴും ഉപയോഗിക്കാറില്ല. ചില സമയത്ത് ഏതൊരു കാക്കയെ ദൈവം നിയോഗിച്ചുവോ ആ കാക്കയോട്, ഇനിയും പോകരുത്, കൊടുക്കരുത് എന്ന് ദൈവം കല്പിച്ചേക്കാം. കെരീത്തിലെ വെള്ളം വറ്റിപ്പോയാൽ, കാക്കയുടെ വരവ്  നിന്നുകഴിഞ്ഞാൽ ദൈവം അതിനു മുൻപുതന്നെ, അവന് വേണ്ടി ഒരിക്കലും അവൻ കണ്ടിട്ടില്ലാത്ത മറ്റൊന്ന്  ഒരുക്കിയിരിക്കും. അവനെ അവിടെ  കാക്കുകയും ചെയ്യും. കെരീത്തിൽ കാക്കയെ കൊണ്ടും, സാരെഫാത്തിൽ വിധവയെക്കൊണ്ടും, മരുഭൂമിയിൽ ദൂതനെക്കൊണ്ടും,തുടർന്ന് ഭക്ഷണംഇല്ലാതെയും അതായത്; ദൂതൻ നൽകിയ ഭക്ഷണത്തിൻ്റെ ശക്തികൊണ്ട്  മാത്രവും,മുൻപോട്ട് പോകുവാൻ, അധികം ശക്തമായ ശുശ്രൂഷ ചെയ്യുവാൻ ദൈവം അവനെ ബലപ്പെടുത്തും എന്ന് കൂടെ ഈ ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു.

 

 വിസ്താരഭയത്താൽ ലേഖനം  ദീർഘിപ്പിക്കുന്നില്ല. ഇവിടെ വളരെ ഊന്നൽ കൊടുത്ത് ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന സത്യം ഇതാണ്ഏതൊരു ദൈവ പൈതലിനും അവരുടെ  ജീവിത ആവശ്യങ്ങൾ ദൈവം അവർക്കു  നടത്തി കൊടുക്കാതെ ഇരിക്കയില്ല. എന്നാൽ, നാം ഉദ്ദേശിക്കുന്ന മാർഗ്ഗത്തിലും, നിലയിലും ആയിരിക്കണം എന്നില്ല ദൈവം ആ കാര്യങ്ങൾ ചെയ്യുന്നത് എന്ന് മാത്രം.  നമ്മെ സഹായിക്കുവാൻ ഉള്ള ദൈവത്തിന്റെ നിയോഗത്തിൽ ദൈവത്തിന് വ്യത്യസ്തമായ കാര്യപരിപാടികൾ ഉണ്ട്. എന്നാൽ, ഒരു ദൈവദാസനെ സംബന്ധിച്ചിടത്തോളം അവന്റെ വിശ്വാസത്തിന്റെ കണ്ണ് അപ്പവും, ഇറച്ചിയും തരുന്ന കാക്കയിലേക്കോ,  നിത്യേന അട ഉണ്ടാക്കിതരുന്ന വിധവയിലേക്കോ, കനലിന്മേൽ അപ്പം ഉണ്ടാക്കി ശുശ്രൂഷിക്കുന്ന ദൂതനിലേക്കോ തിരിയാതെ,യഥാവിധി നമ്മുടെ ആവശ്യങ്ങൾ ഒരുക്കി തരുവാൻ കഴിവുള്ള സർവ്വശക്തനായ ദൈവത്തിങ്കലേക്കത്രേ തിരിയേണ്ടത്.  ചില സമയത്ത് കിട്ടിക്കൊണ്ടിരുന്ന സഹായങ്ങൾ ദൈവം നമുക്ക് ഇല്ലാതാക്കുന്നത് നാം അവനിൽ മാത്രം ആശ്രയിക്കേണ്ടതിനത്രേ. പാട്ടുകാരൻ ഇ ങ്ങനെ പാടിയിട്ടുണ്ട് : ''കെരീത്തു തോട്ടിലെ വെള്ളം വറ്റിയാലും കാക്കയിൻ വരവ് നിന്നീടിലും,സാരേഫാത്തൊരുക്കി ഏലിയാവേ പോറ്റിയ എൻ പ്രീയൻ എന്നെയും പോറ്റിക്കൊള്ളും.''

 

പ്രിയ വായനക്കാരാ ദൈവം ഭരമേല്പിച്ച ഒരു ശുശ്രൂഷയാണ് ആണ് നീ ചെയ്യുന്നത്  എങ്കിൽനിന്നെ സൂക്ഷിക്കുവാനുള്ള മാർഗ്ഗം ഏതെന്ന് നീ അറിയുന്നില്ല എന്നാൽ, നിന്നെ നിയമിച്ച ദൈവത്തിനു  ആ മാർഗ്ഗം അറിയാം. യാതൊരു മുടക്കവും കൂടാതെ അന്ത്യത്തോളം ആ മാർഗ്ഗത്തിലൂടെ, സുരക്ഷിതമായി നിന്നെ നടത്തി കൊള്ളും. നിന്റെ വിശ്വാസജീവിതത്തിന്റെ കണ്ണ്  എല്ലായിപ്പോഴും മാർഗത്തിലല്ല, മാർഗ്ഗത്തെ ഒരുക്കുന്ന മാർഗ്ഗദർശിയായ കർത്താവായ യേശുക്രിസ്തുവിൽ  തന്നെ  ആയിരിക്കട്ടെ.

 

                സ്നേഹപൂർവ്വം നിങ്ങളുടെ,

             

              Bro. E. S. Thomas 

Comments

nterserver Webhosting and VPS

(eUK) eUKhost Ltd

Popular posts from this blog

റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി..

പാശ്ചാത്യ ധനസഹായത്തിൽ നിന്ന് റഷ്യയെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു, റഷ്യ ഉക്രെയ്നിലെ "അധിനിവേശം" തുടരുകയാണെങ്കിൽ നടപടികളുമായി "കൂടുതൽ മുന്നോട്ട് പോകും" എന്ന് വാഗ്ദാനം ചെയ്തു. കിഴക്കൻ ഉക്രെയ്നിൽ സ്ഥിതി ചെയ്യുന്ന രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ സ്വാതന്ത്ര്യം താൻ അംഗീകരിച്ചതായി ഈ ആഴ്ച ആദ്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു, ഇത് പാശ്ചാത്യ ശക്തികളുടെ രോഷത്തിന് കാരണമായി. രണ്ട് വേർപിരിഞ്ഞ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പുടിൻ റഷ്യൻ സൈനികരോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പുടിനോടുള്ള പ്രതികരണമായി നടത്തിയ പ്രസംഗത്തിൽ, റഷ്യൻ പ്രസിഡന്റ് ഉക്രെയ്നിൽ അധിക പ്രദേശം അവകാശവാദമുന്നയിച്ചതായി ചൂണ്ടിക്കാട്ടി, "കൂടുതൽ പ്രദേശം" ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെ ന്യായീകരിക്കാനുള്ള പുടിന്റെ വാക്കുകൾ ഒരു "യുക്തി"യാണെന്ന് ബിഡൻ മാധ്യമങ്ങളോട് പറഞ്ഞു. “ഇത് ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ തുടക്കമാണ്,” ബൈഡൻ പറഞ്ഞു. "ഞങ്ങളും ഞങ്ങ...

ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം: നമ്മൾ ജീവിക്കുന്നത് അന്ത്യകാലത്താണോ?

ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം ഒരു സുപ്രധാന സംഭവമാണോ? പല ക്രിസ്ത്യാനികളും ഈ ചോദ്യം ചർച്ചചെയ്യുമ്പോൾ, സതേൺ കാലിഫോർണിയ പാസ്റ്റർ ഗ്രെഗ് ലോറി എന്തുകൊണ്ടാണ് നമ്മൾ അന്ത്യകാലത്തിലാണ് ജീവിക്കുന്നതെന്ന് വിശ്വസിക്കുന്നത് എന്ന് വിശദീകരിക്കുന്നു. കാലിഫോർണിയയിലെ മൾട്ടി-കാമ്പസ് ഹാർവെസ്റ്റ് ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ ലോറി തന്റെ സഭയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ മത്തായി 24-നെ പരാമർശിച്ച് പറഞ്ഞു: "നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധങ്ങളുടെ കിംവദന്തികളെക്കുറിച്ചും കേൾക്കും" എന്ന് വായിക്കുന്നു. പിൻവരുന്ന വാക്യം, അവസാന നാളുകളിൽ നമുക്കുചുറ്റും ഉണ്ടായിരുന്ന മഹാമാരികളെക്കുറിച്ച് സംസാരിക്കുന്നു. “കൊറോണ വൈറസ് ഒരു പ്ലേഗ് അല്ലെങ്കിൽ, അത് എന്താണെന്ന് എനിക്കറിയില്ല. ഇതൊരു ആഗോള പ്ലേഗാണ്. ” യെഹെസ്‌കേൽ 38-ൽ ഇസ്രായേലിനെ ആക്രമിക്കുന്ന മാഗോഗിന്റെ പരാമർശം ആധുനിക റഷ്യയാണെന്ന് പല ബൈബിൾ പണ്ഡിതന്മാരും വിശ്വസിക്കുന്നു, അദ്ദേഹം തുടരുന്നു. യെഹെസ്‌കേലിലെ മറ്റൊരു പ്രവചനമനുസരിച്ച്, യഹൂദന്മാർ ചിതറിപ്പോവുകയും അ...

അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്..

  അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്  യുഎസ് സമയം ബുധനാഴ്ച രാത്രി റഷ്യൻ ആക്രമണം ആരംഭിച്ചപ്പോൾ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിൽ എയർവേവുകളിൽ എത്തി, തന്റെ ഭരണകാലത്ത് ഇത് നടക്കില്ലായിരുന്നുവെന്ന് വാദിച്ചു.  പുടിൻ “ആദ്യം ഇത് ചെയ്യാൻ ആഗ്രഹിച്ചു” എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് ഫോണിൽ പറഞ്ഞു.  "അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനും ചർച്ച നടത്താനും ആഗ്രഹമുണ്ടായിരുന്നു, അത് കൂടുതൽ വഷളായി, തുടർന്ന് അദ്ദേഹം ബലഹീനത കണ്ടു," ട്രംപ് പറഞ്ഞു.  കൂടാതെ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിന്റെ ബലഹീനതയാണ് റഷ്യൻ അധിനിവേശത്തിന് ഭാഗികമായി പ്രേരിപ്പിച്ചതെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു.