വിശുദ്ധ ബൈബിൾ പ്രവചന വെളിച്ചത്തിൽ ഇന്ത്യയുടെ ഭാവി എന്താകും എന്നറിയുവാനുള്ള താല്പര്യം എല്ലാവർക്കുമുണ്ടാകും. പ്രത്യേകിച്ചു കൊറോണ വ്യാധി നമ്മുടെ സാമൂഹ്യ വ്യവസ്ഥയെ മാറ്റിമറിച്ചിരിക്കുന്ന ഈ വേളയിൽ. എസ്ക്കറ്റോളജിക്കൽ പഠനങ്ങളുടെ ഭാഗമായി ഓറിയന്റലിസത്തെ പറ്റി പഠനം നടത്തിയപ്പോൾ ഈ ലേഖകനെ വല്ലാതെ ആകാംക്ഷഭരിതനാക്കിയ ഒരു ചിന്ത യുഗാന്ത്യനാളുകളിലെ ഇന്ത്യ എങ്ങനെയായിരിക്കും എന്നുള്ളതായിരുന്നു. വിഷയാസ്പദ പഠനത്തിനുവേണ്ടി ദാനീയേൽ 11: 36 - 44 വെളിപ്പാട് 9:13-21, 16:12-16 പഠിച്ചപ്പോൾ എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത് യേശുക്രിസ്തുവിന്റെ രണ്ടാംവരവിനു തൊട്ടുമുമ്പുള്ള നാളുകളിൽ പരമാധികാര റിപ്പബ്ളിക് ആയ ഇന്ത്യ അക്കാലത്തെ സ്വേച്ഛാധിപതിയായ ഭരണാധികാരിയും, ദുഷ്ടതയുടെ ആൾരൂപവുമായ എതിർക്രിസ്തുപോലും ഭയപ്പെടുന്ന ശക്തമായ ഒരു രാഷ്ട്രമായിരിക്കുമെന്നുള്ളതാണ്. നമ്മുടെ മഹത്തായ രാജ്യത്തിന്റെ സൈനീകബലവും, പ്രതാപവും വമ്പിച്ചതായിരിക്കും. എന്നാൽ ദുഃഖത്തോടും വളരെ പ്രയാസത്തോടും കൂടെ പറയുവാനുള്ള മറ്റൊരു കാര്യം; ഇന്ത്യൻ സൈന്യവും ഹർമ്മഗെദ്ദോനിൽ മറ്റുള്ള രാജ്യങ്ങളുടെ മിലിട്ടറികളെപോലെ അവസാനിച്ചിരിക്കും എന്നുള്ള സത്യമാണ്…!
അന്ത്യകാലത്ത് യെഹൂദന്മാരുടെ വാഗ്ദത്തദേശമായ ഇസ്രായേലിനെ ആക്രമിക്കുവാൻ കിഴക്കൻ രാജ്യങ്ങളുടെ സൈനീകവ്യൂഹങ്ങൾ മഹാനദിയായ " യൂഫ്രട്ടീസ് " മുറിച്ചുകടക്കുമെന്നു വിശുദ്ധ തിരുവെഴുത്തുകൾ പറയുന്നുണ്ട്. ഇസ്രായേലിനു വടക്കുപടിഞ്ഞാറുള്ള ഹർമ്മഗെദ്ദോനിൽ നടക്കുന്ന സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തെ യുദ്ധത്തിൽ (വെളി.16:14) പങ്കെടുക്കുന്നതിനു കിഴക്കൻ സൈന്യങ്ങൾ [Eastern force) യെരുശലേമിലേക്കു വരും. അവർക്കു സുഗമമായി
ഹർമ്മഗെദോനിൽ എത്തിച്ചേരുന്നതിനാണ് യൂഫ്രട്ടീസ് നദി വറ്റുന്നത്. കർമ്മേൽ പർവ്വതത്തിനും, താബോർ മലയ്ക്കും, ഗിൽബോവ പർവ്വതനിരകൾക്കും മദ്ധ്യേയുള്ള ഒരു താഴ് വരയാണ് 'മെഗിദ്ദോ' അതിന്റെ എബ്രായ നാമരൂപമാണ് "ഹർമ്മഗെദ്ദോൻ" ഏതാണ്ട് ഇരുപതു മൈൽ നീളവും, പതിന്നാല് മൈൽ വീതിയുമുളള ഇവിടം കേന്ദ്രീകരിച്ചാണ് ഇസ്രായേലിന്റെ പല യുദ്ധങ്ങളും നടന്നിട്ടുള്ളത്. ഗിദെയോൻ മിദ്യാന്യാരോടും, ബാരാക് കനാന്യരോടും യുദ്ധം ചെയ്തത് ഇവിടെവച്ചായിരുന്നു.
"ആറാമത്തവൻ തന്റെ കലശം യൂഫ്രാത്തേസ് എന്ന മഹാനദിയിൽ ഒഴിച്ചു; കിഴക്കുനിന്നു വരുന്ന രാജാക്കന്മാർക്കു വഴി ഒരുങ്ങേണ്ടതിന്നു അതിലെ വെള്ളം വറ്റിപ്പോയി" (വെളി.16:12)
"യഹോവ മിസ്രയീംകടലിന്റെ നാവിന്നു ഉന്മൂലനാശം വരുത്തും; അവൻ ഉഷ്ണക്കാറ്റോടുകൂടെ നദിയുടെ മീതെ കൈ ഓങ്ങി അതിനെ അടിച്ചു ഏഴു കൈവഴികളാക്കി ചെരിപ്പു നനയാതെ കടക്കുമാറാക്കും" (യെശ.11:15)
ഇസ്രായേൽ മക്കൾക്കു മുമ്പിൽ ചെങ്കടലും, യോർദ്ദാനും വിഭജിക്കപ്പെട്ടതുപോലെ; കിഴക്കൻ സൈന്യത്തിനുവേണ്ടി യൂഫ്രട്ടീസും വറ്റും. ചെങ്കടലിൽ മോശെ മുഖാന്തരം ദൈവം കരം നീട്ടിയപ്പോൾ, ദൈവജനത്തിനു നന്മയും ജാതികൾക്ക് നാശവും സംഭവിച്ചതുപ്പോലെ യൂഫ്രട്ടീസ് വറ്റുമ്പോഴും ഇതാവർത്തിക്കപ്പെടും. യുദ്ധാനന്തരം യൂഫ്രട്ടീസ് കടന്നുവരുന്ന ഇസ്രായേലിന്റെ ശത്രുക്കൾക്ക് സമ്പൂർണ്ണ നാശം സംഭവിക്കുമ്പോൾ, എതിർക്രിസ്തുവിന്റെ കഠിനപീഢനം നിമിത്തം ആദ്യനൂറ്റാണ്ടുകളിൽ എന്നതുപോലെ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കു ചിതറിപോകുന്ന യെഹൂദന്മാർക്ക് മശിഹായുടെ രാജ്യത്തിൽ പ്രവേശിക്കുന്നതിനു ഇസ്രായേലിലേക്കു തിരികെ വരുവാൻ വറ്റിവരണ്ട യൂഫ്രട്ടീസ് നദി ഉപകാരപ്പെടും.
ഏദെൻതോട്ടം നനച്ചിരുന്ന നാല് നദികളിൽ ഒന്നായ യൂഫ്രട്ടീസ് എബ്രായ ഭാഷയിൽ "ഫ്രാത്ത് " എന്നണറിയപ്പെടുന്നത്. (ഉല്പ.2:10-14) തിരുവെഴുത്തുകളിൽ ഉല്പത്തി മുതൽ വെളിപ്പാടുവരെ പരന്നൊഴുകുന്ന ഒരു മഹാനദിയാണ് യൂഫ്രട്ടീസ്. അബ്രാഹാമിനു ദൈവം കൊടുത്ത കനാൻ ദേശത്തിന്റെ കിഴക്കേ അതിർത്തി ഈ നദിയാണ് (ഉല്പ.15:18) അർമേനിയൻ മലനിരകളിൽ നിന്നു ഉത്ഭവിച്ചു മൂന്നു രാജ്യങ്ങളിലൂടെ ഒഴുകുന്ന (തുർക്കി, സിറിയ, ഇറാഖ് ) യൂഫ്രട്ടീസിനു 120 അടിവരെ ആഴവും 2289 കി.മി. നീളവുമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും നീളംകൂടിയ നദികളിൽ ഒന്നായ യൂഫ്രട്ടീസ് ഇറാഖിനു വടക്കുള്ള ബസ്രക്ക് അൽ-ഖുർന എന്ന സ്ഥലത്ത് വച്ചു ടൈഗ്രീസിൽ പതിച്ച് (ഹിദ്ദേക്കൽ) ''ഷാത്തുൽ അറബ് " എന്ന പേരിൽ പേർഷ്യൻ ഉൾക്കടലിൽ ചേരുന്നു.
തിരുവെഴുത്തുകളിൽ ഇരുപത്തിയൊന്നു തവണ കാണപ്പെടുന്ന ഈ നദിയെ അഞ്ച് തവണ "മഹാനദി " എന്നും പരാമർശിച്ചിട്ടുണ്ട്. യൂഫ്രട്ടീസ് നദി വറ്റുമെന്നും ഉണങ്ങിയ നിലത്തെന്നതുപോലെ കിഴക്കൻ സൈന്യങ്ങൾ അണിയണിയായി മാർച്ച് ചെയ്തു ഇതു വഴിയായി ഇസ്രായേലിലേയ്ക്കു കടന്നുവരുമെന്നുള്ള പ്രവചനം അത്യുജ്ജ്വലമാണ്. ആരെയും കോരിത്തരിപ്പിക്കുന്ന ഈ വമ്പൻ രാഷ്ട്രീയ പ്രവചനം ബൈബിൾ വിദ്യാർത്ഥികളെ മാത്രമല്ല, മുഴുവൻ,രാഷ്ട്രീയനിരീക്ഷകരേ-യും, യുദ്ധകാര്യവിദഗ്ദ്ധന്മാരേയും അത്ഭുതപ്പെടുത്തുന്നതാണ്. ഇസ്രായേലിനെതിരെ യുദ്ധത്തിനു വരുന്ന "Kings from the East" എന്നു പറഞ്ഞിരിക്കുന്ന കിഴക്കൻ രാജ്യങ്ങൾ യൂഫ്രട്ടീസ്നദിയുടെ കിഴക്കുള്ള പ്രധാനപ്പെട്ട ഏഷ്യൻരാജ്യങ്ങളായ ഇന്ത്യയും, ചൈനയും, കൊറിയയും ജപ്പാനുമാണ്.
മഹാപീഢനത്തിന്റെ അവസാനനാളുകളിൽ സാത്താന്യ ത്രിത്വത്തിൽ നിന്നും പുറപ്പെടുന്ന അശുദ്ധാത്മാക്കളായ ''തവളകൾ" (Three evil spirits that looked like frogs) അവിശ്വസനീയമാം വിധം കിഴക്കൻ രാജ്യങ്ങളെ വശീകരിക്കുകയും, ഹർമ്മഗെദ്ദോനിൽ എത്തിക്കുകയും ചെയ്യും..! (വെളി.16:13-14). "സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തെ വിശുദ്ധ യുദ്ധത്തിന്നു എല്ലാ രാജ്യങ്ങളും അവരുടെ സകലസൈന്യങ്ങളെയും തയ്യാറാക്കുവാൻ" പ്രവാചകനായ യോവേൽ ആഹ്വാനം ചെയ്യുന്നുണ്ട്. "Proclaim this among the nations: Prepare for war! ' Rouse the warriors! Let all the fighting men draw near and attack" (Joel: 3;9) ഇസ്രായേലിന്റെ മഹാരാജാവായ മശിഹ യുദ്ധത്തിനായി ആകാശത്തിൽ നിന്നിറങ്ങി വന്നു യുദ്ധവീരനെപോലെ ശത്രുക്കളോടു പൊരുതുമെന്നു സെഖര്യ പ്രവചനം പതിന്നാലാം അദ്ധ്യായം വായിച്ചിട്ടുള്ളവർക്ക് അറിയാം. യെഹൂദന്മാർ നൂറ്റാണ്ടുകളായി കാത്തിരിക്കുന്നത് ആ സുദിനത്തിനാണ്. അന്ത്യദിനങ്ങളിൽ യൂഫ്രട്ടീസ് നദി വറ്റി വരളുമെന്നും അവിടെ ഒരു സ്വർണ്ണമല പ്രത്യക്ഷപ്പെടുമെന്നും ഭൂമിയിലെ തൊണ്ണൂറ്റിയൊൻപത് ശതമാനം ആളുകളും കൊല്ലപ്പെടുന്ന അതിഭയങ്കരമായ ഒരു യുദ്ധം ഉണ്ടാകുമെന്നും ഇസ്ലാമിക് മതപണ്ഡിതന്മാരും പറയുന്നു.
യുഗാന്ത്യസംഘർഷങ്ങളെ പറ്റിയുള്ള വെളിപ്പാടുകൾ നല്കുമ്പോൾ ലോകത്തിലെ ഏറ്റവും ജനബാഹുല്യമുള്ള ചൈനയും,ഇന്ത്യയുമടങ്ങുന്ന കിഴക്കൻ രാഷ്ട്രങ്ങളെ ഒഴിവാക്കുന്നത് ഒരു കാരണവശാലും നീതികരിക്കപ്പെടുകയില്ല. സ്വർഗ്ഗം അതൊട്ടുചെയ്തിട്ടുമില്ല..! "കിഴക്കുനിന്നു വരുന്ന രാജാക്കന്മാർ" എന്ന പ്രവചനത്തെ നോൺലിറ്ററലായി പരിഗണിക്കുന്നതുകൊണ്ടു പരസ്പരവിരുദ്ധമായ വ്യാഖ്യാനങ്ങളും നിലവിലുണ്ട്. ഹർമ്മഗെദ്ദോൻ യുദ്ധം ഒരു യഥാർത്ഥ സൈനീക പോരാട്ടമായതുകൊണ്ട് ബൈബിൾ വിദ്യാർത്ഥികൾ ഈ പ്രവചനത്തെ അക്ഷരാർത്ഥത്തിൽ (litterlly) തന്നെ പരിഗണിക്കണം. കിഴക്കു നിന്നുള്ള രാജാക്കന്മാർ സൂര്യോദയദിക്കിലുള്ള (The kings from the rising of the sun) പൗരസ്ത്യ രാജ്യങ്ങളാണ്.
രാജാവായ ഹെരോദാവിന്റെ കാലത്തു യെഹൂദ്യയിലെ ബേത്ലഹേമിൽ ലോകരക്ഷിതാവായ യേശു ജനിച്ചപ്പോൾ അവനെ നമസ്കരിക്കുവാൻ കിഴക്കുനിന്നുള്ള വിദ്വാന്മാരാണ് (The Magi from the east) വന്നത്. (മത്താ.2:1,2) ഇതു മുഖാന്തരം ലോകരക്ഷിതാവായ മശിഹയെ കുറിച്ചുള്ള അറിവ് ഇസ്രായേലിനു വെളിയിൽ വിദൂരദേശമായ കിഴക്കൻ നാടുകളിലും ലഭിച്ചു. എന്തിനും, ഏതിനും നക്ഷത്രങ്ങളെ ആശ്രയിക്കുകയും, സൂര്യനെയും, ചന്ദ്രനെയും ആരാധിക്കുകയും ചെയ്യുന്ന കിഴക്കൻ മന്ത്രവാദികൾക്കും, ജ്യോത്സ്യന്മാർക്കും നക്ഷത്രം തന്നെ, വഴികാട്ടിയായത് സ്വർഗ്ഗം ഈ വിഷയത്തിൽ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു എന്നതിന്റെ തെളിവാണ്. യെശയ്യാ പ്രവചനത്തിൽ പറയുന്ന (49:12) "സിനീംദേശം" (The land of Sinim) പുരാതന ചൈനയാണെന്നു പറയപ്പെടുന്നു. എസ്ഥേർ 1:1- ൽ ഇന്ത്യയെ പറ്റിയും പറഞ്ഞിരിക്കുന്നു.
ഇന്നത്തെ കിഴക്കൻ രാജ്യങ്ങൾ ഇസ്രായേലിനെ വെറുക്കുന്നവരാണ്. ജപ്പാൻ അമേരിക്കയുടെ താല്പര്യങ്ങൾക്കു വഴങ്ങി ഇപ്പോൾ പരസ്യമായി എതിർക്കുന്നില്ലെങ്കിലും, രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്ലറെയും, നാസികളെയും സഹായിച്ചതുപോലെ ഹർമ്മഗെദ്ദോൻ യുദ്ധത്തിലും അവർ യെഹൂദന്മാർക്കെതിരായി നിലകൊള്ളുമെന്നു ഭൂരിപക്ഷം എസ്ക്കറ്റോളജിസ്റ്റുകളും കരുതുന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ചൈനയുടെയും, കൊറിയയുടെയും ഹൃദയം ചുവപ്പിച്ചതിനാൽ ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിക്കുവാൻ അവർക്കു സാധിക്കുകയില്ല. ഇന്ത്യ എന്നും യെഹൂദന്മാരേ മാനിച്ചിട്ടുണ്ട്, അതിന്റെ അനുഗ്രഹങ്ങളും നമ്മുടെ രാജ്യത്തിനുണ്ട്. (ഉല്പ.12:3) പട്ടാള അട്ടിമറികളോ, കൊട്ടാരവിപ്ലവങ്ങളോ, ഏകാധിപത്യഭരണമോ ഒന്നും ഇതുവരെയും ഇവിടെയുണ്ടായിട്ടില്ല. ആധുനിക സാമൂഹ്യക്രമത്തിന്റെ ഏറ്റവും വലിയ അനുഗ്രഹമായ ജനാധിപത്യത്തിന്റെ അവസാന വാക്ക് നമ്മുടെ ഇന്ത്യയാണ്.
ഇന്ത്യയിൽ ദീർഘകാലം ഭരണം നടത്തിയ കോൺഗ്രസ് ഗവൺമെന്റ് ഇസ്രായേൽ വിരുദ്ധനിലപാടുകളാണ് സ്വീകരിച്ചതെങ്കിലും ഇപ്പോൾ ഭരിക്കുന്ന എൻ.ഡി.എ. സർക്കാർ അവരുടെ രാഷ്ട്രീയനയങ്ങളുടെ ഭാഗമായി ഇസ്രായേൽ അനുകൂല മനോഭാവം പുലർത്തുന്നു.
എതിർക്രിസ്തുവിന്റെ കാലത്തിന്റെ അവസാനം വരെ ഇന്ത്യയിൽ ശക്തമായ ഇസ്രായേൽ അനുകൂലവികാരം ഉണ്ടായിരിക്കും. എന്നാൽ,ലോകസമാധാനത്തിനുവേണ്ടി, വിശേഷാൽ ഇന്ത്യയുടെയും,ഇസ്രായേലിന്റെയും സമാധാനത്തിനായി പ്രാർത്ഥിക്കുന്ന ഇവിടുത്തെ ദൈവജനം കർത്താവിന്റെ മേഘപ്രത്യക്ഷതയിൽ മാറ്റപ്പെടുന്നതോടുകൂടി, കള്ളപ്രവാചകന്റെ വഞ്ചനയിലും ഭോഷ്കിലും ആകൃഷ്ടരായി വ്യാജത്തിന്റെ വ്യാപാരശക്തിയാൽ വശീകരിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ നമ്മുടെ പ്രിയരാജ്യമായ ഇന്ത്യയും ഉൾപ്പെടും…! ഇസ്രായേലിനും അവരുടെ അഭിഷിക്തനായ മശിഹായ്ക്കും എതിരായി മാറുന്ന ഇന്ത്യയടക്കമുള്ള കിഴക്കൻ സൈന്യത്തിനു
കരമാർഗ്ഗം യൂഫ്രട്ടീസ് നദി കടന്നു ഹർമ്മഗെദ്ദോനിൽ എത്തിച്ചേരുവാൻ ഇന്നു കഴിയും. ബൈബിൾ പ്രവചനമനുസരിച്ചു കിഴക്കുനിന്നുള്ള ലക്ഷക്കണക്കിനു പട്ടാളക്കാരും അവരുടെ സൈനീകവാഹനങ്ങളും,മറ്റു യുദ്ധോപകരണങ്ങളും യെരുശലേമിൽ എത്തിച്ചേരണം. ഏകദേശം രണ്ടായിരം വർഷങ്ങൾക്കു മുമ്പ് പത്മോസിൽ വച്ച് യോഹന്നാൻ ഇതെഴുതുമ്പോൾ കിഴക്കൻ നാടുകൾ ഭൂഗോളത്തിൽ ഒറ്റപ്പെട്ടു കിടക്കുന്നതായിരുന്നു. എന്നാൽ ഇന്നു സ്ഥിതി അതല്ല. ചൈനയും പാക്കിസ്ഥാനും സംയുക്തമായി കാശ്മീർ വഴിയായി നിർമ്മിച്ച "കാരക്കോറം ഹൈവേയുടെ " (Karakoram Highway) നിർമ്മാണത്തോടു കൂടി കിഴക്കൻ രാജ്യങ്ങൾക്കു വളരെയെളുപ്പം മിഡിൽ ഈസ്റ്റിൽ എത്തിച്ചേരുവാൻ കഴിയും.
ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധിയുടെ ശക്തമായ എതിർപ്പുകൾ ഉണ്ടായിരുന്നിട്ടുപോലും കാരക്കോറം ഹൈവേയുടെ നിർമ്മാണം ചൈന പൂർത്തീകരിച്ചത് കിഴക്കിനെ കുറിച്ചുള്ള പ്രവചന നിവൃത്തിയാണ്. ഭൂഗോളത്തിൽ തീർത്തും ഒറ്റപ്പെട്ടു (lsloted) കിടന്ന ചൈനയ്ക്കു ഇപ്പോൾ ജപ്പാൻ, കൊറിയ, റഷ്യ, മംഗോളിയ, അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാൻ, ഇന്ത്യ, തായ്ലൻഡ്, ലാവോസ്, വിയറ്റ്നാം എന്നിവ കൂടാതെ മിഡിൽ ഈസ്റ്റിലേക്കും സെൻട്രൽ ഏഷ്യയിലേക്കും നിഷ്പ്രയാസം എത്തിച്ചേരാൻ സാധിക്കും. ഏത് പ്രതികൂല കാലവസ്ഥയിലും പല സൈനീക വാഹനങ്ങൾക്കു ഒന്നിച്ചു നിരന്നു സഞ്ചരിക്കുവാൻ കഴിയുന്ന ലോകാത്ഭുതങ്ങളിൽ ഒന്നായ കാരക്കോറം ഹൈവേ കിഴക്കൻസൈന്യങ്ങൾ ഹർമ്മഗെദ്ദോനിൽ എത്തിച്ചേരുമെന്നുള്ള പ്രവചനത്തിന്റെ നിവൃത്തിയല്ലാതെന്താണ്?
ദൈവവചനം ശ്രദ്ധിച്ചു പഠിച്ചാൽ, കിഴക്കൻ സൈന്യങ്ങളെ സാത്താനായ കള്ളപ്രവാചകൻ വഞ്ചിച്ച് ഇസ്രായേലിൽ എത്തിക്കുന്നതാണെന്നു മനസ്സിലാക്കാം. ഇതിനെക്കുറിച്ചുള്ള വിശുദ്ധ പൗലൊസ് ശ്ലീഹായുടെ മുന്നറിയിപ്പു ശ്രദ്ധിക്കുക
''അധർമ്മമൂർത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവർക്കു സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും; അവർ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽ തന്നേ അങ്ങനെ ഭവിക്കും.സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന്നു ദൈവം അവർക്കു ഭോഷ്കു വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു." (2തെസ്സ.2: 9:12)
കിഴക്കൻ രാജ്യങ്ങളെ കുറിച്ചു തിരുവെഴുത്തുകളിൽ പരാമർശങ്ങളുണ്ടെങ്കിലും, അതിനു ഇസ്രായേലിന്റെ ചരിത്രത്തിൽ ഒരു പ്രാധാന്യവുമില്ല. എന്നാൽ ഇനിയും കാര്യങ്ങൾ വ്യത്യസ്തമായിരിക്കും. കൊറോണനന്തര ലോകത്തിന്റെ ഹൃദയമിടിപ്പ് ഏഷ്യയായിരിക്കും. കൊറോണ ചൈനയിൽ തുടങ്ങിയെങ്കിലും അവിടെ കുഴപ്പങ്ങളുള്ളതായി വാർത്തകളില്ല. അവരുടെ സമ്പദ്ഘടനയ്ക്കു യാതൊരു ഉലച്ചിലുമുണ്ടായിട്ടില്ല.ഇപ്പോഴത്തെ സൂചനകൾ പ്രകാരം കൊറോണ തകർത്തെറിയുന്ന ലോകവിപണിയെ ചൈന നിയന്ത്രിക്കുന്ന സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഏഷ്യൻ രാജ്യങ്ങൾക്കുയുഗാന്ത്യവേളകളിൽ മേല്ക്കൈ ഉണ്ടാകും എന്നുള്ളത് പ്രവചനങ്ങളുടെ നിറവേറലാണ്. അതേസമയം എതിർക്രിസ്തു തന്റെ നയവഞ്ചനയാലും വ്യക്തിപ്രഭാവത്താലും കിഴക്കിനെ മെരുക്കി നിർത്തും. യൂഫ്രട്ടീസ് നദിക്കരയിൽ കിഴക്കിന്റെ ശക്തി സർവ്വസന്നാഹങ്ങളോടും കൂടി വെളിപ്പെടും.
മനുഷ്യൻ അറിയുവാൻ ആർത്തിയുള്ളവനാണ്. ഇനിയും സംഭവിക്കുവാനുള്ള ഭാവികാലപരമായ കാര്യങ്ങളെ കുറിച്ചു മനുഷ്യരെ ബോധവാന്മാരാക്കുന്നതു ക്രൈസ്തവ രക്ഷാശാസ്ത്രത്തിന്റെ വികസിതരൂപമായ ബിബ്ലിക്കൽ എസ്ക്കറ്റോളജിയാണ്. (Eschatology is the advanced form of Soteriology) ബൈബിൾ പ്രവചനങ്ങൾ പഠിക്കുവാനും കാലഘട്ടത്തെ വിവേചിക്കുവാനും ഉത്സാഹമുള്ളവരായി നാം മാറേണ്ടിയിരിക്കുന്നു. പ്രിയമുള്ളവരെ, യേശുക്രിസ്തുവിന്റെ മടങ്ങിവരവിനോടും, യുഗാന്ത്യത്തോടുംഏറ്റവും അടുത്തു നിൽക്കുന്നവരുടെ ഒരു സമൂഹമാണ് ഇന്നുള്ളത്. അതുകൊണ്ട് മുമ്പെന്നത്തേക്കാളും എസ്ക്കറ്റോളജിക്കൽ പഠനങ്ങൾ അനിവാര്യമായിരിക്കുന്നു. അഗാധവും, ഗൂഢവും മറഞ്ഞിരിക്കുന്നതുമായ കാര്യങ്ങൾ വെളിപ്പെടുത്തുന്ന സ്വർഗ്ഗത്തിലെ ദൈവം അതിനുവേണ്ടി തന്റെ അഭിഷിക്തന്മാരെ എഴുന്നേല്പിക്കുവാൻ ദൈവജനം പ്രാർത്ഥിക്കണം. ആകയാൽ എല്ലാറ്റിന്റെയും അവസാനം സമീപിച്ചിരിക്കുകയാൽ പ്രാർത്ഥനക്കു സുബോധം ഉള്ളവരും, നിർമ്മദരും ആയിരിക്കുവാൻ ഏവരേയും ദൈവം ശക്തീകരിക്കുമാറാകട്ടെ
എന്ന പ്രാർത്ഥനയോടു കൂടി തല്ക്കാലം നിർത്തുന്നു.
ദൈവവേലയിൽ നിങ്ങളുടെ
Pr. Varghese Joseph

Comments
Post a Comment