ഒരു ലോക സാഹിത്യകൃതിയാണ് (World Classic) ബൈബിൾ. ഇത്രയും പ്രചോദനം (Motivation) നല്കുന്ന, ഊർജ്ജം പകരുന്ന (Encourage), ധൈര്യം (Courage) നല്‌കുന്ന, ആത്‍മവിശ്വാസം (Confidence) നല്കുന്ന, ജീവിക്കാൻ പ്രേരിപ്പിക്കുന്ന (Hope) മറ്റൊരു പുസ്തകം ഉലകത്തിൽ വേറെ ഇല്ല. ബൈബിൾ പ്രതിപാദിക്കുന്ന സാമൂഹിക പ്രതിബദ്ധത (Social Commitment), പാരസ്പര്യം (Interaction), നിയമങ്ങൾ (Laws), സമൂഹത്തിൽ കുടുംബത്തിനുള്ള പ്രാധാന്യത (Family Concept), ആരോഗ്യം (Health), സാമ്പത്തികശാസ്ത്രം (Economics), സർഗ്ഗാത്മകത (Creativity), സംഗീതം (Music) അങ്ങനെ തുടങ്ങി സകല വിഷയങ്ങളും മികച്ചതും വ്യത്യസ്തവുമാണ്. "ഭയപ്പെടേണ്ട, ഞാൻ നിന്നോട് കൂടെയുണ്ട്", "അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ളവരെ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം" 'എന്നിങ്ങനെയുള്ള സൂക്തങ്ങൾ മറ്റൊരു വിശ്വാസ ഗ്രന്ഥങ്ങളിലും കാണാത്തവിധം മനുഷ്യരിലേക്ക് ഇറങ്ങി ചെല്ലുകയും, മനുഷ്യരോട് നേരിട്ട് ഇടപെടുകയും ചെയ്യുന്നു എന്നുള്ളത് ഈ ഗ്രന്ഥത്തിന്റെ വൈശിഷ്ട്യമാണ്. മനുഷ്യന്റെ ആത്മരക്ഷയ്ക്കുള്ള മറുപടി നല്കുന്ന ഏകഗ്രന്ഥം കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ ആൾക്കാരെ ഈ പുസ്തകം സ്വാധീനിച്ചിട്ടുണ്ട്. ബൈബിളിന്റെ ഏറ്റവും വലിയ പ്രത്യേകത അത് ദൈവീക വെളിപ്പാടുകളും, ഇടപെടലുകളും ഉള്ള ഒരു ഗ്രന്ഥം (Divine Text) എന്നുള്ളതാണ്...!! അതുകൊണ്ട് തന്നെ ഈ ഗ്രന്ഥത്തെ ലോകത്തിൽ നിന്ന് അകറ്റി നിർത്തുവാനോ, ഉന്മൂലനം ചെയ്യുവാനോ ആർക്കും സാദ്ധ്യമല്ല. ഓരോ കാലഘട്ടത്തിലെ എല്ലാത്തരം എതിർപ്പുകളേയും (Brickbats) അതിജീവിച്ചു വന്ന ഏക ഗ്രന്ഥം എന്നതും ശ്രദ്ധേയമാണ്.
ഇത്തരത്തിൽ മഹത്തായ, ശക്തിയുള്ള, സവിശേഷതയുള്ള ഈ ഗ്രന്ഥത്തെ നമ്മുടെ ബൈബിൾ സന്ദേശകർ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? കേട്ടിട്ടുണ്ടോ? വളരെ ദയനീയമാണത്...!! ദൈവം നിന്നെ കൊല്ലും, ന്യായംവിധിക്കും, തകർത്തുകളയും എന്ന് പറഞ്ഞു ജനത്തെ ഭയപ്പെടുത്തി ദൈവത്തെ ഒരു ഭീവത്സ രൂപമായും ഒരു മൂർത്തിയായും അവതരിപ്പിക്കുന്ന ഒരു കൂട്ടർ. ബൈബിളിന്റെ ആത്യന്തിക സമവാക്യം തന്നെ ദൈവം = സ്നേഹം എന്നതാണ്. ഈ സമവാക്യം ഇല്ലെങ്കിൽ ബൈബിളിന്റെ 'സത്ത' നഷ്ടപ്പെട്ടു എന്നാണ്. മറ്റൊരു കൂട്ടർ പറയുന്നത്: 'നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഒരു പോരാട്ടം ഉണ്ട്. ഒരു വ്യക്തി നിങ്ങൾക്കെതിരെ ക്ഷുദ്രവും, മന്ത്രവാദവും ചെയ്തിരിക്കുകയാണ്. ഒരു വലിയ അനർത്ഥം നിങ്ങൾക്ക് വരുന്നു'. പ്രതിവിധിയുണ്ട്, മൂന്ന് ദിവസത്തെ ഉപവാസ പ്രാർത്ഥന ക്രമീകരിക്കണം (മറ്റ് മതങ്ങളിൽ 10000 രൂപയുടെ പൂജ). ഈ സന്ദേശകന് മൂന്ന് ദിവസത്തെ പ്രോഗ്രാമും പോക്കറ്റ് മണിയും ആയി എന്നത് മറ്റൊരു മനഃശാസ്ത്രം. ഇങ്ങനെ പോരാട്ടവും, ബന്ധനവും, മന്ത്രവാദവും പറഞ്ഞു ഭയവും അന്ധതമസ്സും മനസ്സിൽ നിറച്ച് ജനത്തെ പാനിക് (Panic) ആക്കി വീട്ടിലേക്ക് അയക്കുന്നു. വീട്ടിൽ ചെന്ന ശേഷം ഈ ജനം കൂടുതൽ മാനസിക അസ്വസ്ഥരാകുകയാണ്.
ഇനി അടുത്ത ഒരു കൂട്ടർ: അവർ വേദിയിൽ നിന്നുകൊണ്ട് പറയുന്നത് അവർക്കും മനസ്സിലാകില്ല കേൾക്കുന്ന ജനത്തിനും മനസ്സിലാകാത്തവിധം ചാടിത്തുള്ളി അണച്ച്, വിയർത്തു കുളിച്ചു പ്രസംഗം അവസാനിപ്പിക്കുന്ന രീതി. വിയർത്തു കുളിക്കുന്നത് 'ശുശ്രൂഷ' വിജയിച്ചു എന്നതിന്റെ ലക്ഷണമായി കരുതി ആത്മനിർവൃതിയണഞ്ഞു സ്വസ്ഥരാകുന്നു...!! ചിലർ വളിപ്പു പറയാനും, തമാശ പറയാനും ബൈബിളിനെ ഉപയോഗിക്കുന്നു. മറ്റൊരു ഭൂരിപക്ഷം വളരെ തന്ത്രപരമായി പണസമ്പാദനം (Money Marketing) നടത്തുന്നതിന് ഉപയോഗിക്കുന്നു. ഒന്ന് ആലോചിച്ചു നോക്കു. ഇതിനൊക്കെ വേണ്ടിയാണോ ഈ മഹത്തായ ഗ്രന്ഥം രചിച്ചതും, നമ്മുടെ കൈകളിൽ എത്തിയതും? എന്തുകൊണ്ടാണ് നമ്മുടെ ബൈബിൾ സന്ദേശകർ ഇത്തരം തരംതാഴ്ന്ന നിലവാരത്തിൽ ഈ ഗ്രന്ഥത്തെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത് എന്ന് ഓർക്കുമ്പോൾ വളരെ സഹതാപം തോന്നുന്നു.
കരി പൊടിച്ച് മഷിയുണ്ടാക്കി തൂവലുകൾകൊണ്ട് ചുരുളുകൾ എഴുതിയിരുന്ന കാലത്തിൽ നിന്നും ഡിജിറ്റൽ പ്രിന്റിങ്ങിന്റെ ലോകത്തേക്ക് നാം എത്തി. കാൽനടയായും കഴുതപ്പുറത്തും സഞ്ചരിച്ചിരുന്ന കാലംമാറി ആട്ടോമാറ്റിക് കാറുകളുടെ കാലത്തിലേക്ക് ലോകം എത്തിക്കഴിഞ്ഞു. അന്നന്നേക്കുള്ള അന്നം കഴിച്ചു അറകളിലോ മുറികളിലോ പ്രാർത്ഥനയ്ക്ക് കൂടിയിരുന്ന കാലത്തിൽ നിന്ന് സ്വന്തമായി കെട്ടിടങ്ങൾ പണിത് അതിൽ ആരാധിക്കുന്ന അത്യാധുനിക കാലത്തിലാണ് നമ്മൾ വന്നെത്തിയിരിക്കുന്നത്. എന്നിട്ടും നമ്മുടെ ബൈബിൾ സന്ദേശകർ എവിടെവരെ എത്തി? നിലവാരമില്ലാത്തതും, കൃത്യതയില്ലാത്തതും, യാഥാർത്ഥ്യബോധമില്ലാത്തതുമായ രീതിയിൽ ബൈബിൾ സന്ദേശങ്ങൾ സമൂഹത്തിന് നല്കുമ്പോൾ താണുപോകുന്നത് നമ്മൾ അല്ല, മറിച്ച് ബൈബിൾ എന്ന മഹത്തായ ഗ്രന്ഥമാണ്...!! ആത്മീയതയുടേയും, ശുശ്രൂഷയുടേയും പേരിൽ കാണിച്ചു കൂട്ടുന്ന ബാഹ്യപ്രകടനങ്ങൾ മുഴുവൻ ബൈബിളിന് പുറത്തുള്ളതാണ്. ബൈബിളുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരം കോപ്രായങ്ങൾ കാണുന്ന പൊതുസമൂഹം വിലയിരുത്തുന്നത് ബൈബിളിനെയാണ്. ആത്മീയത വെളിപ്പെടേണ്ടത് ജീവിതത്തിലും പ്രവൃത്തിയിലും ആണ്. രണ്ടുള്ളവൻ ഒന്നില്ലാത്തവന് കൊടുക്കുമ്പോഴും, ഉണ്ണാത്തവനെ ഊട്ടുമ്പോഴുമാണ് ബൈബിളധിഷ്ഠിതമായ ശുശ്രൂഷ വെളിപ്പെടുന്നത്. ബൈബിളിന്റെ മൂല്യങ്ങളെ പൊതുജനത്തിന്റെ മുൻപിൽ സർക്കാസത്തിന് (Sarcasm) എറിഞ്ഞുകൊടുത്ത ക്രൈസ്തവസമൂഹം (പെന്തക്കോസ്തുകാർ) വില കൊടുക്കേണ്ടിവരും എന്ന് ഓർക്കുക.
എങ്ങനെയാണ് ഒരു പൊതു സമൂഹത്തിൽ ജനങ്ങളോട് ബൈബിൾ സന്ദേശം അവതരിപ്പിക്കുക. അതിന് മികച്ച ഭാഷയും നിലവാരമുള്ള അവതരണവും ആവശ്യമാണ്.
1. ഭാഷ (Language)
ഒരു ആശയവിനിമയത്തിന്, ഒരു സന്ദേശക്കൈമാറ്റത്തിന് ഏറ്റവും പ്രധാനവും പ്രഥമവുമായ ഘടകം ഭാഷയാണ്. ശുദ്ധമായ നല്ല ഭാഷ സ്വായത്തമാക്കുക എന്നതാണ് ഒന്നാമത്തെ രീതി. അവതരിപ്പിക്കുന്ന ആശയം ജനത്തിന് മനസ്സിലാക്കുവാൻ സാധിക്കും എന്നതാണ് നല്ല ഭാഷയുടെ പ്രയോജനം. അതിനു വായനാശീലം ഉള്ളവരാകുക. ബൈബിളിന് പുറമെ, പബ്ലിക് പുസ്തകങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും കുറഞ്ഞപക്ഷം പത്രമെങ്കിലും വായിക്കാൻ ശീലിക്കുക. ഇത്തരം പബ്ലിക് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാൻ പാടില്ല എന്ന ഒരു കർക്കശ നിയമം ഒരു കാലത്ത് 'നമ്മുടെ സമൂഹത്തിൽ' ഉണ്ടായിരുന്നു. എന്നാൽ സ്കൂളിലും കോളേജിലും പഠിക്കുന്നത് പബ്ലിക് പുസ്തകങ്ങളും വിഷയങ്ങളുമാണ് എന്നത് ബഹുരസം..!!. തികച്ചും യാഥാസ്ഥിതികരുടെ (Orthodoxy) കടന്നുകയറ്റം ഒരു തലമുറയുടെ സർഗ്ഗാത്മകതയെ തന്നെ ഇല്ലാതാക്കി എന്ന് പറയാം. അതിനൊക്കെ മാറ്റം വന്നെങ്കിലും പുസ്തകങ്ങളോടുള്ള അടുപ്പം അകലെത്തന്നെയാണ്. വായന നല്ലൊരു ഭാഷയും മൂല്യബോധവും ലഭിക്കുന്നതിന് കാരണമാകും. ബൈബിൾ എഴുതിയ എല്ലാ എഴുത്തുകാരും നല്ല ഭാഷ കൈവശമുള്ളവരും വായനാശീലം ഉള്ളവരും വിഷയങ്ങളെ അപഗ്രഥിക്കുന്നവരും ആയിരുന്നു എന്നുകൂടി മനസ്സിലാക്കുക.
2. അവതരണരീതി (Presentation)
ഭാഷയാണ് ഒരു പ്രഭാഷകന്റെ സവിശേഷത. പ്രഭാഷണത്തിന് ഒരു ഭാഷയുണ്ട്. ജനത്തിന് മനസ്സിലാകുന്ന രീതിയിൽ വ്യക്തമായും, സ്ഫുടമായും വിഷയത്തെ അവതരിപ്പിക്കുകയാണ് അതിൽ പ്രധാനം. നാടൻ പ്രയോഗങ്ങൾ, വളിപ്പുകൾ, ദ്വയാർത്ഥപ്രയോഗങ്ങൾ, അലറി വിളിക്കുക എന്നിവ പൂർണ്ണമായും ഒഴിവാക്കുക. 'ഇന്ന് രാത്രി നിന്റെ വിടുതലിന്റെ രാത്രിയാണ്, നിന്റെ കെട്ട് പൊട്ടുന്നു, ബന്ധനം അഴിയുന്നു' എന്നുതുടങ്ങി ദൂത് എന്ന പേരിൽ പറഞ്ഞു പിടിപ്പിച്ച് ജനത്തെ തുള്ളിക്കുന്ന 'ഡയലോഗ് പ്രസന്റേഷൻ' മുഴുവൻ പ്രസംഗം എന്ന ലിസ്റ്റിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ഡയലോഗുകൾ പഠിക്കാൻ നിർബന്ധിക്കുകയും, പഠിക്കാൻ വഴങ്ങാത്തതിന്റെ പേരിൽ പ്രസംഗം നിർത്തിയവരും ഇന്ന് 'മലയാളി സമൂഹത്തിൽ' ഉണ്ട്…! ഇതിനൊന്നും വേണ്ടിയല്ല ബൈബിൾ എഴുതിയത് എന്ന യാഥാർത്ഥ്യം മനസ്സിലാക്കുക. ഒരു സന്ദേശകന്റെ പ്രസംഗം കേട്ട് ജനം ബൈബിളിലേയ്ക്ക് ആകർഷിക്കപ്പെടുകയാണ് വേണ്ടത്.
ഭാഷയും, അവതരണരീതിയും മെച്ചമായാൽ ബൈബിളിന്റെ യാഥാർത്ഥ്യങ്ങളെ ഒട്ടും കലർപ്പില്ലാതെ ജനങ്ങൾക്ക് കൈമാറാൻ സാധിക്കും. അതിന് ബൈബിൾ പഠിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം ഓരോ സന്ദേശകനും ഉണ്ട്. അതിന് ആവശ്യമായ അനുബന്ധങ്ങൾ അവലംബിച്ചുകൊണ്ടു ഓരോ വാക്യത്തിന്റെയും ഉദ്ദേശ്യശുദ്ധി മനസ്സിലാക്കി സത്ത നഷ്ടപ്പെടാതെ സന്ദേശം ജനത്തിന് കൈമാറേണ്ട വിശേഷ ഗ്രന്ഥമാണ് ബൈബിൾ.
നിഗമനങ്ങളെല്ലാം വ്യാഖ്യാനങ്ങളല്ല. ഒരു ബൈബിളിൽ നിന്ന് നൂറിലധികം വ്യാഖ്യാനങ്ങളും ഉപദേശങ്ങളും അവതരിപ്പിക്കുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. ബൈബിൾ ഉദ്ദേശിക്കുന്ന യഥാർത്ഥ ആശയം അതിന്റെ നിലവാരത്തിലും പൂർണ്ണതയിലും അവതരിപ്പിക്കുവാൻ കഴിയണം. അയ്യായിരം പേർ മൂന്ന് ദിവസം യേശുവിന്റെ മുന്നിൽ ഇരിക്കാൻ കാരണമായത് യേശുവിന്റെ വായിൽ നിന്ന് വന്ന വാക്കുകളുടെയും, ഭാഷയുടെയും വശ്യതയായിരുന്നു, മനോഹാരിതയായിരുന്നു,ആകർഷണീയതയായിരുന്നു എന്നുകൂടി മനസ്സിലാക്കുക. തല്ക്കാലം നിർത്തട്ടെ...
എന്ന് ക്രിസ്തുവിൽ നിങ്ങളുടെ,
സജു കുഞ്ഞുമോൻ

Comments
Post a Comment